പച്ചക്കറികള്‍ എന്നാല്‍ പോഷകത്തിന്റെ കലവറ തന്നെയാണ്. എന്നാല്‍ എങ്ങനെ പച്ചക്കറികള്‍ പാചകം ചെയ്യുന്നത് വരെ കേടാകാതെ പുതുമയോടെ സൂക്ഷിക്കും? ഓരോ ആഴ്ചയും വാങ്ങുന്ന പച്ചക്കറികള്‍ അങ്ങനെ തന്നെ ഫ്രിഡ്ജില്‍ എടുത്തു വയ്ക്കും. പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്പോള്‍ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ മുഖ്യ കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെ. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.
പച്ചക്കറികളും പഴങ്ങളും ഒന്നിച്ചു സൂക്ഷിക്കാമോ?
പഴങ്ങളും പച്ചക്കറികളും അങ്ങനെ ഒന്നിച്ചു വയ്ക്കുന്നത് അത്ര നല്ല ഫലമായിരിക്കില്ല നല്‍കുന്നത്. എന്തുകൊണ്ട്? പല പഴങ്ങളും എഥിലിന്‍ എന്ന വാതകം ഉത്പാദിപ്പിക്കുന്നു. ഈ വാതകം പച്ചക്കറികള്‍ വേഗം പഴുക്കുന്നതിന് വഴിയൊരുക്കുന്നു. അതുപോലെ തന്നെ പുതുമ നിലനിര്‍ത്തണമെങ്കില്‍ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കേണ്ടത്. ഏതൊരു പച്ചക്കറിയും പാചകം ചെയ്യുന്നതിന് മുന്‍പ് നന്നായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ അപ്പോള്‍ത്തന്നെ പാചകം ചെയ്യുന്നില്ലെങ്കില്‍ (ഫ്രിഡ്ജില്‍ കുറച്ചു ദിവസത്തേക്ക് സൂക്ഷിക്കുകയാണെങ്കില്‍) കഴുകാതെ സൂക്ഷിക്കുകയോ (പാചകം ചെയ്യുന്നതു മുന്‍പ് കഴുകി വൃത്തിയാക്കുകയോ), കഴുകിയതിനു ശേഷം ഈര്‍പ്പം തീരെയില്ലാതെ തുടച്ചതിനു ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുകയോ ചെയ്യാം. ഈര്‍പ്പം ഉണ്ടെങ്കില്‍ പച്ചക്കറികള്‍ വേഗം കേടാകും.
സവാള
സവാളയും വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ സാധാരണ മുറിയുടെ ഊഷ്മാവില്‍ വയ്ക്കുന്നതാണ് നല്ലത്. സവാളയും വെളുത്തുള്ളിയും അടുത്ത് വയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാല്‍ സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ചു വയ്ക്കരുത്. സവാള ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ തണുത്ത താപനിലയില്‍ പഞ്ഞിപോലെയായിത്തീരും. വളരെ സൂര്യപ്രകാശമുള്ളയിടത്ത് വയ്ക്കാതിരിക്കുകയാണ് നല്ലത്.
തക്കാളി
പച്ച തക്കാളി ഫ്രിഡ്ജിനു പുറത്തും (സാധരണ മുറിയുടെ താപനിലയില്‍ സൂക്ഷിക്കാം), പഴുത്ത തക്കാളി ഫ്രിഡ്ജിലും സൂക്ഷിക്കേണ്ടതാണ്. തക്കാളിയുടെ തണ്ടിന്റെ ഭാഗം ഞെരിഞ്ഞമരാതെ വേണം വയ്ക്കാന്‍. തണ്ടു മുറിഞ്ഞ് തക്കാളിയുടെ ചാറു പുറത്തു വരികയാണെങ്കില്‍ അത് പിന്നെ വേഗം ഫംഗസ് ബാധിക്കുകയും, കേടാകുകയും ചെയ്യും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയില്‍ വയ്ക്കുന്നതാണ് നല്ലത്. പലപ്പോഴും ഉരുളക്കിഴങ്ങ് സവാളയുടെയോ ആപ്പിളിന്റെയോ അടുത്ത് വയ്ക്കുമ്പോള്‍ പെട്ടെന്ന് മുള വരുന്നതായി കണ്ടിട്ടുണ്ടാകും, ഇതിനു കാരണം സവാള, ആപ്പിള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന എഥിലെന്‍ വാതകമാണ്. അതിനാല്‍ സവാള, ഉള്ളി എന്നിവയുടെ കൂടെ സൂക്ഷിക്കാതിരിക്കാന്‍ നോക്കുക.
ചീര, പാലക്
ഇലക്കറികള്‍ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാല്‍ ചിലപ്പോള്‍ കുറച്ചു ദിവസങ്ങള്‍ സൂക്ഷിക്കേണ്ടി വരികയാണെങ്കില്‍ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്. പേപ്പര്‍ ടവല്‍ കിട്ടിയില്ലെങ്കില്‍, കട്ടിയുള്ള പത്രക്കടലാസില്‍ പൊതിഞ്ഞു സൂക്ഷിക്കാം. അധികമുള്ള ഈര്‍പ്പം ടവ്വല്‍ ആഗിരണം ചെയ്യുകയും അതു വഴി പുതുമ കുറച്ചു ദിവസത്തേക്ക് നിലനില്ക്കുകയും ചെയ്യും. അതുപോലെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് വിശദമായി ഒന്ന് പരിശോധിച്ച് കേടായ ഇലകള്‍ ഉണ്ടെങ്കില്‍ എടുത്തു മാറ്റിയതിനു ശേഷം മാത്രം അകത്തു വയ്ക്കുക.
വെളുത്തുള്ളി
വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ വേണം വെളുത്തുള്ളി സൂക്ഷിക്കാന്‍. ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് മാത്രം വെളുത്തുള്ളി ഞെട്ടി പൊട്ടിച്ച് തൊലി കളഞ്ഞെടുക്കുക.
കറിവേപ്പില
കറിവേപ്പില വെള്ളത്തില്‍ നന്നായി കഴുകിയതിനു ശേഷം വെള്ളം തോരാനായി വയ്ക്കുക. കേടായതോ, കറുപ്പ് കലര്‍ന്നതോ ആയ ഇലകളെല്ലാം എടുത്തു കളയുക. ഈര്‍പ്പം തീരെയില്ലാത്ത രീതിയില്‍ ആയതിനു ശേഷം, തണ്ടില്‍ നിന്ന് കറിവേപ്പില ഇലകള്‍ ശ്രദ്ധയോടെ എടുത്തതിനു ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ആഴ്ചകളോളം ഇങ്ങനെ കറിവേപ്പില കേടാകാതെ സൂക്ഷിക്കാം.
പച്ചമുളക്
പച്ചമുളകിന്റെ തണ്ട് ബാക്ടീരിയ കടന്നു കൂടുന്ന ആദ്യത്തെ ഭാഗമാണ്. അതിനാല്‍ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാന്‍. കേടായ ഏതെങ്കിലും മുളകുണ്ടെങ്കില്‍ അത് ആദ്യമേ കളയുക. അല്ലെങ്കില്‍ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും. തണ്ടു കളഞ്ഞതിനു ശേഷം പച്ചമുളക് ഒരു പേപ്പര്‍ ടവ്വലിലോ അല്ലെങ്കില്‍ പത്രക്കടലാസിലോ പൊതിഞ്ഞതിനു ശേഷം ഒരു സിപ്ലോക്കില് ആക്കി സൂക്ഷിക്കുക. നാലാഴ്ച വരെ കേടു കൂടാതെ ഇങ്ങനെ സൂക്ഷിക്കാം.
മല്ലിയില, പുതിനയില
മല്ലിയില സാധാരണ വിപണികളില്‍ കാണുന്നത് ഒരു കെട്ടായിട്ടാണ്. ഇവയെ വീട്ടില്‍ കൊണ്ടുവന്നതിനു ശേഷം വേരുകള്‍ കെട്ടിന്റെ മുകളില്‍ വച്ച് വെട്ടി കളയുക. നല്ല വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. കുറച്ചു സമയം ഒരു അരിപ്പയില്‍ വച്ച് വെള്ളം കളയുക. പിന്നീട് ഒരു പേപ്പര്‍ ടവ്വല്‍ കൊണ്ട് മുഴുവന്‍ വെള്ളവും ഒപ്പിയെടുക്കുക. ഈര്‍പ്പം തീരെയില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം, കേടില്ലാത്ത എല്ലാ ഇലകളും ഒരു എയര്‍ ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കുക.
ഇഞ്ചി
ഇഞ്ചിയിലെ മണ്ണും മറ്റു അഴുക്കുകളും കളഞ്ഞതിനു ശേഷം ഇഞ്ചി ഒരു സീപ്ലോക്കില് (വായു കടക്കാത്ത വിധം) അടച്ചു സൂക്ഷിക്കുകയാണെങ്കില്‍ വളരെ ദിവസങ്ങള്‍ കേടു കൂടാതെയിരിക്കും.
കാബേജ്
നനവില്ലാത്ത കാബേജ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആഴ്ചകളോളം കേടാകില്ല.
കാരറ്റ്
സാധാരണ രീതിയില്‍ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുകയാണെങ്കില്‍ കാരറ്റ് കേടുകൂടാതെ ഒരാഴ്ച വരെയിരിക്കും. കൂടുതല്‍ ദിവസം സൂക്ഷിക്കണമെങ്കില്‍ കാരറ്റ് ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് കാരറ്റിന്റെ മുകള്‍ ഭാഗത്തുള്ള പച്ച ഭാഗം വെട്ടിക്കളഞ്ഞിട്ടു സൂക്ഷിക്കുക. ഇവ കാരറ്റില്‍ ഉണ്ടെങ്കില്‍ കാരറ്റിലെ ജലാംശം മുഴുവന്‍ ഇത് വലിച്ചെടുക്കുകയും, തന്നിമിത്തം കാരറ്റ് ചുക്കിച്ചുളുങ്ങുകയും ചെയ്യും.
കാപ്സിക്കം
മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നീ കാപ്സിക്കത്തേക്കാള്‍ പച്ച കാപ്സിക്കം ഏറെ നാള് കേടുവരാതെയിരിക്കാറുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ശരാശരി 14 ദിവസം വരെ കേടുകൂടാതെ ഇരിക്കാറുണ്ട്.
കിഴങ്ങുവര്‍ഗങ്ങള്‍
ചേമ്പ്, കാച്ചില്, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ ഏറെ നാള് ഉപയോഗിക്കാതെ വച്ചിരുന്നാല്‍ ഉണങ്ങിപ്പോകും. പാചകം ചെയ്യാന്‍ ഉദ്ദേശിക്കുന്നതിന് കുറച്ചു മണിക്കുറുകള്‍ മുന്‍പ് ഇവ തണുത്ത വെള്ളത്തില്‍ ഇട്ടതിനു ശേഷം ഉപയോഗിക്കുകയാണെങ്കില്‍ ഫ്രഷായി കിട്ടും.
Content Highlights: How to keep vegetables and fruits