മാനന്തവാടി: ഇരുപത് ദിവസങ്ങളായി വയനാട്ടിലെ കുറുക്കൻമൂലയിൽ ഭീതിവിതച്ച കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍. ബേഗൂർ വന മേഖലയിൽ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച്ചറിഞ്ഞുവെന്നാണ് വയനാട് ഡിഎഫ്ഒ വ്യക്തമാക്കിയത്. എത്രയും വേഗം കടുവയെ പിടികൂടാനാകുമെന്നും ഡിഎഫ്ഓ അവകാശപ്പെട്ടു.
ബേഗൂർ വന മേഖലയിലായിരുന്നു വനംവകുപ്പിന്റെ ഇന്നത്തെ തിരച്ചിൽ. രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കടുവ കയറി എന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ എല്ലാ സംഘങ്ങളും ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.
ഈ അന്വേഷണത്തിലാണ് വളരെ അടുത്ത് നിന്ന് കടുവയെ കണ്ടു എന്നും പല സ്ഥലങ്ങളിൽ നിന്നും തലനാരിഴയ്ക്കാണ് കടുവയിൽ നിന്ന് രക്ഷപ്പെട്ടു എന്നും ഉദ്യോഗസ്ഥർ അറിയിച്ചത്. മയക്കുവെടി വെക്കാൻ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു. നാളെയും ഈ പ്രദേശത്ത് തന്നെ തിരച്ചിൽ ഉണ്ടാകും. സംഘങ്ങളായി തിരിഞ്ഞായിരിക്കും വനംവകുപ്പിന്റെ തിരച്ചിൽ.
കഴിഞ്ഞ രണ്ട് ദിവസം വളർത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ശനിയാഴ്ച രാത്രി കടുവ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനപാലകർ പറയുന്നു. അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ തൊഴുത്തിനരികെ തീ കത്തിച്ചു വെക്കുകയും വെളിച്ചമിട്ടു വെക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ശനിയാഴ്ച രാത്രി പെട്രോളിംഗ് ശക്തമാക്കാനാണ് വനപാലകരുടെ തീരുമാനം.
Content highlights: Tiger on prowl triggers panic in Wayanad – found in begur forest