കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീവെച്ചത് ആന്ധ്രാ സ്വദേശിയായ സതീഷ് നാരായണന് തന്നെയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. നഗരത്തില്‍ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഈ സംഭവങ്ങളില്‍ തെളിവ് ലഭിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും അതിനാല്‍ താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും റൂറല്‍ എസ്പി പിഎ ശ്രീനിവാസ് പറഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയെല്ലാം കലര്‍ത്തിയുള്ള ഭാഷയാണ് സംസാരിക്കുന്നത്. ഇയാളെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.
മാലിന്യങ്ങള്‍ കൂട്ടിയിട്ട് തീയിടുന്ന ശീലം പ്രതിക്കുണ്ടെന്ന് ഇയാളെ പരിചയമുള്ളവര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഇതേ അനുമാനത്തിലാണ് വടകര കേസിലും ഇയാളെ പോലീസ് സംശയിക്കുന്നത്. എന്നാല്‍ താലൂക്ക് ഓഫീസ് കത്തിച്ച കേസില്‍ ഇയാളുടെ പങ്കാളിത്തം തെളിയിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന് ലഭിക്കണം. ഇവയെല്ലാം ശേഖരിച്ച ശേഷമേ ഈ കേസില്‍ അറസ്റ്റ് നടപടികളിലേക്ക് പോലീസ് പോകുകയുള്ളു.
content highlights: vadakara taluk office was set on fire by Andhra native satheesh narayanan says police