മികച്ച ഒരു സാമാജികന് എന്നതിനപ്പുറം കറകളഞ്ഞ മനുഷ്യസ്നേഹിയും ജനസേവകനുമായിരുന്നു അന്തരിച്ച പി.ടി. തോമസ് എം.എല്‍.എ. 2016-17 കാലത്ത് ഞാന്‍ ഫോര്‍ട്ട് കൊച്ചി സബ്കലക്ടറായിരിക്കെ ആ സബ്ഡിവിഷനിലെ ഒരു എം.എല്‍.എയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള നേതാവായിരുന്നു.
ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ, നിയമപരമായി ആ കാര്യം എങ്ങിനെ സാധിച്ചെടുക്കാമെന്നാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹത്തിന്റെ ഇടപടെലുകള്‍ ഏറെ സഹായകരമായിരുന്നു. അനാവശ്യമായ ഒരു കാര്യത്തിനും അദ്ദേഹം ഉദ്യോഗസ്ഥരെ സമീപിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. ആവശ്യമുള്ള കാര്യങ്ങളില്‍ ഉറച്ച നിലപാടുമായി രംഗത്തുണ്ടാകുമായിരുന്നു. ജനപക്ഷത്തു നിന്നു അത്തരം ആവശ്യങ്ങള്‍, നിയമപരമായ മാര്‍ഗത്തിലൂടെ നേടിയെടുക്കുന്നതില്‍ അദ്ദേഹം കടുത്ത നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു.
നിയമപരായി നല്ല അറിവുണ്ടായിരുന്ന അദ്ദേഹം ഞാന്‍ കണ്ട മികച്ച രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. അനുകരണീയമായ വ്യക്തിത്വത്തിന് ഉടമ. ഊര്‍ജ്വസ്വലനായിരുന്നു. നല്ല അറിവിനുടമയായിരുന്ന അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രയാസപ്പെടേണ്ടി വരാറില്ലായിരുന്നു. ഒരു വിഷയമുണ്ടായാല്‍ അതിന്റെ നിയമവശങ്ങളൊക്കെ പരിശോധിച്ച്, ഉദ്യോഗസ്ഥര്‍ കാണാത്ത വശങ്ങള് വരെ ചൂണ്ടിക്കാണിക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
ജനപ്രതിനിധിയെന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്ന രാഷ്ട്രീയക്കാരനായിരുന്നില്ല അദ്ദേഹം. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്്ട്രീയ രംഗത്തെ യുവതലമുറയ്ക്ക് എന്നും മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം.
പി.ടി. തോമസിനെപ്പോലുള്ള നേതാക്കള്‍ അപൂര്‍വമാണ്. അദ്ദേഹം മന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സേവനമനുഷ്ഠിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് ഭാഗ്യമില്ലാതെ പോയി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. നല്ല ഓര്മകളോടെ മാത്രം ആ നല്ല രാഷ്ട്രീയ നേതാവിനെ, നല്ല മനുഷ്യനെ യാത്രയാക്കാം.