കാക്കനാട്: പിതാവ് ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ആശ്വാസത്തില്‍ പാലാരിവട്ടത്തെ വീട്ടിലേക്കുമടങ്ങിയ മൂത്ത മകന് വിഷ്ണുവിനെ അവസാനനിമിഷം വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പി.ടി. തോമസ്. ചൊവ്വാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനു പിന്നാലെയാണിത്. പി.ടി. തോമസിന്റെ ഭാര്യ ഉമയും ഇളയ മകന് വിവേകും ആശുപത്രിയില്‍തന്നെയുണ്ടായിരുന്നു. വിളിപ്പിച്ചതറിഞ്ഞയുടന് വിഷ്ണു ആശുപത്രിയിലേക്ക് മടങ്ങിയെത്തി, അദ്ദേഹത്തെ കാണുകയും ചെയ്തു.
ഡിസംബര്‍ 12-ന് ആശുപത്രിക്കിടക്കയില്‍ വെച്ച് 71-ാം പിറന്നാള്‍ ചെറിയതോതിലെങ്കിലും ആഘോഷിച്ചിരുന്നു. വിവേകിന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തെത്തുടര്‍ന്നായിരുന്നു രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കിയ ആഘോഷം. പിറന്നാള്‍ തൊപ്പിയണിഞ്ഞ്, കേക്കും മുറിച്ച് പ്രസന്നവദനനായി ഫോട്ടോയുമെടുത്തു. അപ്പോഴും പി.ടി.യോ ഒപ്പമുള്ളവരോ കരുതിയിരുന്നില്ല, പത്താംനാള്‍ വിടപറയുമെന്ന്.
സ്പീക്കര്‍ എം.ബി. രാജേഷ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ആശുപത്രിയില്‍ പി.ടി.യെ കാണാനെത്തിയിരുന്നു, പ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഫോണിലൂടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. പി.ടി. പഠിച്ച എറണാകുളം മഹാരാജാസ് കോേളജിലെതന്നെ വിദ്യാര്‍ഥിയായിരുന്ന ഡോ. ടൈറ്റസാണ് വെല്ലൂരില്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. മലയാളികളായ ഡോ. സുകേശും ഡോ. അനൂപുമുള്പ്പെടെയുള്ളവര് അദ്ദേഹത്തെ ഏറെ അടുപ്പത്തോടെ പരിചരിച്ചു.
പോരാടിയത് രാഷ്ട്രീയത്തില്‍ മാത്രമല്ല, രോഗങ്ങളോടും
കാക്കനാട്: പി.ടി. തോമസ് അവസാന നാള്‍വരെ പോരാടിയത് രാഷ്ട്രീയവിഷയങ്ങള്‍ക്കൊപ്പം ഒട്ടേറെ രോഗങ്ങളോടും. ഒടുവില്‍ പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദം അദ്ദേഹത്തിന്റെ ജീവനുമെടുത്തു. കാലങ്ങളായി വിവിധ അസുഖങ്ങള്‍ ശാരീരികമായി തളര്‍ത്തിയിരുന്നെങ്കിലും അതൊന്നും പൊതുജീവിതത്തെ ബാധിക്കാനനുവദിക്കാതെ ഊര്‍ജസ്വലനായും പ്രസന്നവദനനായും രാഷ്ട്രീയാങ്കണത്തില്‍ പി.ടി. നിറഞ്ഞുനിന്നു.
ഒക്ടോബറിലാണ് പാന്‍ക്രിയാസ് കാന്‍സറാണെന്ന് കണ്ടെത്തിയത്. നാലുവര്‍ഷം മുമ്പ് മഞ്ഞപ്പിത്തത്തിന്റെ രൂപത്തിലായിരുന്നു തുടക്കം. ഇത് ചികിത്സയിലൂടെ മാറുകയും ചെയ്തു. ഈയടുത്ത് ഭക്ഷണം കഴിക്കാനും ദഹിക്കാനുമെല്ലാം ബുദ്ധിമുട്ട് തുടങ്ങിയതോടെയാണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടര്‍മാര്‍ മുംബൈയിലെ ടാറ്റ ആശുപത്രിയിലോ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ പരിശോധിക്കാന്‍ നിര്‍ദേശിച്ചു.
ടാറ്റയിലെത്തി 12 ദിവസം കിടന്നെങ്കിലും ചികിത്സ വൈകുമെന്ന ഘട്ടത്തില്‍ വെല്ലൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വെച്ചാണ് പാന്‍ക്രിയാസ് കാന്‍സര്‍ സ്ഥിരീകരിക്കുന്നതും വിദഗ്ധ ചികിത്സ തുടങ്ങുന്നതും.
Content Highlights : Remembering late P.T. Thomas