വിരാട് കോഹ്ലിയും സംഘവും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷയും മുന്‍ ഇന്ത്യന്‍ നായകന് പങ്കുവച്ചു
ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഉപദേശവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ന്യൂസിലന്‍ഡിന്റെ ശക്തമായ നിരയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നതാകും ഉത്തമമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ദേശിയ മാധ്യമമായ ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ വിരാട് കോഹ്ലിയും സംഘവും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷയും മുന്‍ ഇന്ത്യന്‍ നായകന് പങ്കുവച്ചു.
“വിദേശ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോര്‍ഡുകള്‍ പരിശോധിക്കുകയാണെങ്കില്‍, ആദ്യം ബാറ്റ് ചെയ്ത അവസരത്തിലൊക്കെ ജയിക്കാന്‍ സാധിച്ചിട്ടുണ്ട്. ആദ്യം തന്നെ സമ്മര്‍ദത്തെ അഭിമുഖീകരിക്കണോ നാലാം ഇന്നിങ്സ് വരെ കാത്തിരിക്കണോ എന്നത് തിരഞ്ഞെടുക്കേണ്ട കാര്യമാണ്,” ഗാംഗുലി പറഞ്ഞു.
“2002 ലെ ലീഡ്സിലെയോ, 2018 ലെ ദക്ഷിണാഫ്രിക്കയിലെ മത്സരമോ പരിശോധിക്കു. ബൗളിങ്ങിന് അനുകൂലമായ സാഹചര്യത്തിലും ഞങ്ങള്‍ ബാറ്റിങ് തിരഞ്ഞെടുത്തു. സമ്മര്‍ദ്ദത്തെ തരണം ചെയ്ത് റണ്‍സ് കണ്ടെത്തി. അങ്ങനെയാണ് ആ മത്സരങ്ങള്‍ വിജയിച്ചത്. മാര്‍ക്ക് ടെയ്ലറും, സ്റ്റീവ് വോയുമൊക്കെ ഓസ്ട്രേലിയയെ നയിച്ച കാലത്ത് വിരളമായെ ബൗളിങ് അനുകൂല പിച്ചില്‍ ബാറ്റിങ് തിരഞ്ഞെടുക്കാതിരുന്നിട്ടുള്ളു,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഓപ്പണര്‍മാരായ ഷുഭ്മാന്‍ ഗില്ലിന്റേയും രോഹിത് ശര്‍മയ്ക്കും ഉത്തരവാദിത്വം കൂടുതലാണെന്ന് പറയാനും ഗാംഗുലി മറന്നില്ല. രോഹിതും, “ഗില്ലും ചേര്‍ന്ന് നല്ല തുടക്കം നല്‍കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 20 ഓവറെങ്കിലും ബാറ്റ് ചെയ്യണം. പൂജാര, കോഹ്ലി, പന്ത് തുടങ്ങിയവര്‍ക്ക് നല്ല അടിത്തറ സഹായകരമാകും,” ഗാംഗുലി അഭിപ്രായപ്പെട്ടു.
ന്യൂസിലന്‍ഡ് ടീമിന്റെ വളര്‍ച്ചയെപ്പറ്റിയും ഗാംഗുലി പറഞ്ഞു. “കഴിഞ്ഞ 30-35 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ടീമാണിത്. അവര്‍ ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ വച്ച് പരാജയപ്പെടുത്തി. ന്യൂസിലന്‍ഡ് നല്ല ആത്മവിശ്വാസത്തിലായിരിക്കും, ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. വില്യംസണ്, സൗത്തി, ജാമിസണ് തുടങ്ങിയവരില്ലാതെ അവര്‍ ജയം പിടിച്ചെടുത്തു എന്നതും ശ്രദ്ധേയമാണ്,” ബിസിസിഐ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.