തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാര്ക്ക് മര്‍ദനം. ചെറുവയ്ക്കല്‍ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്ക്കുമാണ് സമീപവാസികളുടെ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ട്രാന്‍സ്മെനായ ഇടുക്കി സ്വദേശി ആല്‍ബിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 24-ാം തീയതിയാണ് സംഭവം.
ലൈജുവും ആല്‍ബിനും ആല്‍ബിന്റെ സഹോദരനും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. രാത്രി പുറത്തേക്കിറങ്ങിയ ഇവരെ സമീപവാസികള്‍ ചോദ്യം ചെയ്യുകയും വാഗ്വാദമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അഞ്ചംഗസംഘം ഇവരെ മര്‍ദിച്ചത്. അക്രമികള്‍ തടികൊണ്ട് അടിച്ചതിനാല്‍ ആല്‍ബിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ആല്‍ബിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചംഗ അക്രമിസംഘം മദ്യലഹരിയില്‍ ആയിരുന്നെന്നാണ് വിവരം. ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വധശ്രമത്തിന് കേസ് എടുത്തതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. അക്രമിസംഘത്തിലെ അഞ്ചുപേരില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ അനില്‍ കുമാര്‍, രാജീവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമസംഘത്തില്‍പ്പെട്ടവര്‍ ലൈജുവിന്റെയും ആല്‍ബിന്റെയും സമീപവാസികളാണ്. ഇവര്‍ മുന്‍പും ആല്‍ബിനെയും ലൈജുവിനെയും ശല്യംചെയ്യുകയും പുറത്തിറങ്ങുമ്പോഴും മറ്റും മോശമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. 24-ാം തീയതിയും ഇത്തരത്തില്‍ ഇവരോട് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
content highlights: transgenders attacked in thiruvananthapuram