കൊച്ചി: കിഴക്കമ്പലം സംഭവത്തില്‍ വിശദീകരണവുമായി കിറ്റക്സ് കമ്പനി എം.ഡി. സാബു ജേക്കബ്. നാല്പ്പതില് താഴെ തൊഴിലാളികള്‍ മാത്രമാണ് കുറ്റക്കാര്‍. എന്നാല്‍ 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സാബു ജേക്കബ് പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read More: കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം: പോലീസുകാര്‍ക്ക് പരിക്ക്, വാഹനം കത്തിച്ചു
‘നാല്പ്പതില് താഴെ തൊഴിലാളികള്‍ മാത്രമാണ് അക്രമസംഭവത്തിന് പിന്നില്‍. എന്നാല്‍ 155 പേരെ പോലീസ് പിടിച്ചുകൊണ്ടുപോയി. എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പോലീസ് വാഹനം തീവെച്ചു നശിപ്പിച്ചയാളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി പോലീസിനെ ഏല്പിച്ചത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും’ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കമ്പനിതൊഴിലാളികള്‍ക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച സംഭവത്തെ കുറിച്ചുള്ള വിശദീകരണം കമ്പനി നല്‍കുമെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് സംഘര്‍ഷമുണ്ടായത്. കിറ്റക്സ് കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലായിരുന്നു സംഭവം. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പോലീസ് കണ്ട്രോള് റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിട്ടു. പോലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. തൊഴിലാളികള്‍ പോലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അഗ്നിക്കിരയാക്കിയത്. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐ, എ.എസ്.ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു.
content highlights: kitex md sabu jacob on migrant labour’s violence and attack against police