ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി
Copa America 2021: കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചാമ്പ്യന്മാരായ ബ്രസീല്‍. പെറുവിനെ മറുപടിയില്ലാത്ത നാല് ഗോളിനാണ് പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം നെയ്മര്‍, അലക്സ് സാന്‍ഡ്രൊ, എവര്ട്ടണ് റിബെയ്റോ, റിച്ചാര്ലിസണ് എന്നിവരാണ് സ്കോറര്‍മാര്‍. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
12-ാം മിനുറ്റില്‍ തന്നെ ബ്രസീല്‍ അക്കൗണ്ട് തുറന്നു. ഇടതു വിങ്ങിലൂടെ നെയ്മറിന്റെ മുന്നേറ്റം. ഗ്രബ്രിയേല്‍ ജീസസിലേക്ക് മനോഹരമായ ക്രോസ്. ജീസസിന്റെ പാസ് സ്വീകരിച്ച അലക്സ് സാന്‍ഡ്രോ പന്ത് വലയിലെത്തിച്ചു. ഗംഭീര ഫിനിഷ്.
രണ്ടാം ഗോളിനായി 68-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു കാനറികള്‍ക്ക്. ഇത്തവണ സൂപ്പര്‍ താരം നെയ്മറിന്റെ കാലുകളാണ് ലക്ഷ്യം കണ്ടത്. ഫ്രെഡ് നല്കിയ പാസില്‍ നിന്ന് ബോക്സിന് പുറത്ത് നിന്ന് നെയ്മറിന്റെ ഷോട്ട്. പെറു ഗോളി ഗല്ലേസിന്റെ കരങ്ങള്‍ക്ക് എത്തിപ്പിടിക്കാനാത്ത വിധം വേഗത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നു.
കളി അവസാനിക്കാന്‍ ഒരു നിമിഷം ബാക്കി നില്‍ക്കെ ചാമ്പ്യന്മാര് ലീഡ് മൂന്നായി ഉയര്‍ത്തി. ഇത്തവണ റിച്ചാര്ലിസണ് ബോക്സിനകത്തു നിന്ന് നല്കിയ പാസിന് കാല് വക്കേണ്ടതു മാത്രമായിരുന്നു എവര്ട്ടണുണ്ടായിരുന്ന ജോലി. സ്കോര്‍ 3-0.
പെറുവിന്റെ ആഘാതം ഒന്നു കൂടി വലുതാക്കി അധിക സമയത്തെ റിച്ചാര്‍ലിസണ്‍ന്റെ ഗോള്‍. പെറു ഗോളി തട്ടിയകറ്റി താരത്തിന്റെ ആദ്യ ഷോട്ട്. ബോക്സിനുള്ളില്‍ വീണ റിച്ചാര്‍ലിസണ്‍ന്റെ രണ്ടാം ശ്രമം പരാജയപ്പെട്ടില്ല. ബ്രസീലിന് സമ്പൂര്‍ണ ജയം.
Also Read: Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന; മെസിക്ക് ഗോള്‍