കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി തുടരുന്ന പ്രവാസികള്‍ക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വാക്സിന് സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി
ഓക്സ്ഫോഡ്/ആസ്ട്രസെനക്ക, ഫൈസര്‍ ബയോണ്‍ടെക്ക്, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ നാല് വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനമെന്നാണ് സൂചന. പൂര്‍ണമായി വാക്സിനേഷന് ലഭിക്കുകയും 72 മണിക്കൂറിനകം എടുത്ത പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമായിരിക്കും യാത്രാനുമതി നല്‍കുക. അതോടൊപ്പം, ഏഴ് ദിവസത്തെ ക്വാറന്റൈന് ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം ഒരു പിസിആര്‍ പരിശോധന കൂടി നടത്തി കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മിസ്റം അറിയിച്ചു.
കുവൈറ്റിന് പുറത്തേക്ക് യാത്രാനുമതിയില്ല
അതേസമയം, കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതിക്കായി പ്രവാസികള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ആഗസ്ത് ഒന്നു മുതല്‍ രണ്ട് ഡോസ് വാക്സിനും എടുത്ത സ്വേശികള്ക്കു മാത്രമേ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. നിലവില്‍ ഒരു ഡോസ് സ്വീകരിച്ച സ്വദേശികള്‍ക്കും വിദേശ യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ അത് കൂടുതല്‍ കര്‍ശനമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച പ്രവാസികള്‍ക്കും നാട്ടിലേക്ക് യാത്രചെയ്യാനുള്ള അനുമതി ഇനിയും വൈകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീരുമാനം ശക്തമായ പ്രതിഷേധത്തിനൊടുവില്‍
പ്രവാസികള്‍ളെ കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ കുവൈറ്റ് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാക്സിനെടുത്ത സ്വദേശികള്‍ക്ക് കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുകയും എന്നാല്‍ പ്രവാസികള്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് മനുഷ്യത്വ രഹിതവും വിവേചനപരവുമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. യാത്രാ വിലക്ക് കാരണം പ്രവാസികളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ അകന്നുകഴിയേണ്ട സ്ഥിതിയാണെന്നും പലര്‍ക്കും ജോലി നഷ്ടമായതായും ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ് ക്രൈയിസ് എന്ന പേരില്‍ ഒരു ക്യാംപയിനും മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും നിയമജ്ഞരും ചേര്‍ന്ന് ആരംഭിച്ചിരുന്നു. അതിനിടയിലാണ് പ്രവാസികളുടെ ആശങ്കകള്‍ ഭാഗികമായി പരിഹരിച്ചുകൊണ്ട് മന്ത്രിസഭയുടെ പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
പൊതു ഇടങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക്
അതിനിടെ, കുവൈറ്റിലെ റെസ്റ്റൊറന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, സലൂണുകള്‍, മാളുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ വാക്സിന് സ്വീകരിച്ചവര്‍ക്കു മാത്രം പ്രവേശനം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണ്‍ 27 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. രണ്ട് ഡോസ് വാക്സിന് എടുത്തുവെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കുവൈറ്റിന്റെ ഇമ്മ്യൂണ്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിസ നല്കാന് നടപടി
അതിനിടെ, സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കാന്‍ കൊറോണ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റി അനുവാദം നല്കി. സ്വകാര്യ ആശുപത്രികളുടെ ഫെഡറേഷന് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇതുപ്രകാരം സ്വകാര്യ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും ആവശ്യമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പുതുതായി റ്ക്രൂട്ട് ചെയ്യാം. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഫെഡറേഷനും പുതിയ റിക്രൂട്ട്മെന്റ് അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും തീരുമാനമായിട്ടില്ല.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : report on kuwait to allow passengers who are vaccinated to enter the country
Malayalam News from malayalam.samayam.com, TIL Network