മലപ്പുറം: മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുകയാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വര്‍ഗീയതയുടെ കാര്യത്തില്‍ ലീഗ് എസ്.ഡി.പി.ഐയോട് മത്സരിക്കുകയാണെന്നും നുണ പ്രചരിപ്പിച്ചാല്‍ വേഗം തിരിച്ചറിയുന്ന കാലമാണിതെന്ന് ഓര്‍മ്മിക്കണമെന്നും പറഞ്ഞു. മലപ്പുറത്ത് സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്. വര്‍ഗീയ കക്ഷികളുമായി ലീഗ് സന്ധി ചെയ്യുകയാന്നും ലീഗിന്റെ നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും അവര്‍ വര്‍ഗീയ കക്ഷികളുടെ നിലപാടിലേക്ക് പോകുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മതനിരപേക്ഷമല്ല ജമാഅത്തെ ഇസ്ലാമിയുടെ നിലപാടെന്നും അവര്‍ പൊയ്മുഖങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുമെന്ന കാര്യം ആളുകള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ലീഗ് എസ്.ഡി.പി.ഐയെ പോലെ തീവ്രമായ രാഷ്ട്രീയ നിലപാട് കൈക്കൊള്ളുകയാണ്. അത് അവരെ എവിടെയാണ് എത്തിക്കുകയെന്ന് കാത്തിരുന്ന് കാണാം. പഴയത് പോലെ നുണ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇക്കാലത്ത് വിജയിക്കില്ല. ജനങ്ങള്‍ക്ക് സത്യം തിരിച്ചറിയാന്‍ കഴിയുമെന്ന് എല്ലാവരും ഓര്‍ക്കണം” – മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പിതാവിനെതിരെ ലീഗ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും താന്‍ കുട്ടിയായിരിക്കുമ്പോള്‍ മരിച്ച് പോയ പിതാവിന് വഖഫ് ബോര്‍ഡ് നിയമനവുമായി എന്ത് ബന്ധമെന്നാണ് ലീഗ് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. “ഞാന്‍ ചെത്തുകാരന്റെ മകനാണെന്ന് ലീഗുകാര്‍ ഓര്‍മ്മിപ്പിക്കുന്നു. അതില്‍ അഭിമാനിക്കുന്നയാളാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്” – അദ്ദേഹം വ്യക്തമാക്കി.
Content Highlights: pinarayi vijayan against muslim league