തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വീകരിച്ച നിലപാടുകളെ ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത്. ചാന്‍സലറുടെ ചുമതല നിര്‍വഹിക്കാത്ത ഗവര്‍ണറെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണര്‍ നിയമവിരുദ്ധമായാണ് നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. ഹൈക്കോടതി നോട്ടീസ് സ്വീകരിക്കാത്തത് നിയമവിരുദ്ധമാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിന് പകരം കുട്ടികളെപ്പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്ന അദ്ദേഹത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വി.ഡി. സതീശന് കൊച്ചിയില്‍ പറഞ്ഞു. ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ നിയമപരമായി ബാധ്യതയുള്ള ആളാണ് ഗവര്‍ണര്‍. നിയമനിര്‍മാണസഭ പാസാക്കിയ നിയമം അനുസരിച്ച് അദ്ദേഹം ഇപ്പോള്‍ ചാന്‍സലറാണ്. ആ പദവി ഏറ്റെടുക്കില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നിയമവിരുദ്ധമായാണ് അദ്ദേഹം സംസാരിക്കുന്നത്. അങ്ങനെ കുട്ടികളെപ്പോലെ സംസാരിക്കേണ്ട ആളല്ല ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ പദവി ഗവര്‍ണ്ണര്‍ ഒഴിയുന്നത് സര്‍വ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കണ്ണൂര്‍ വിസി നിയമനത്തില്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാവുകയാണ് വേണ്ടത്. പകരം താന്‍ ചാന്‍സലര്‍ പദവിയില്‍ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാന്‍ മാത്രമേ സഹായിക്കുയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പസ്സാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാന്‍സലര്‍ പദവി ഗവര്‍ണ്ണര്‍ പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സര്‍വകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും വിസി നിയമന കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവര്‍ണ്ണര്‍ നിരവധി തവണ പറഞ്ഞിട്ടും കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെടണം.
ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണു മന്ത്രി നടത്തിയത്. എന്നിട്ടും ഗവര്‍ണ്ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടതെ ചാന്‍സലര്‍ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവണ്മെന്റിനും കുടുതല്‍ തെറ്റുകള്‍ ചെയ്യാന്‍ അവസരമൊരുക്കും. മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകള്‍ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാന്‍ വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: V. D. Satheesan against Governor Arif Mohammad Khan