സണ്ണി ലിയോണി അഭിനയിച്ച ‘മധുബൻ മേ രാധിക’ എന്നു തുടങ്ങുന്ന മ്യൂസിക് ആൽബം പിൻവലിക്കണമെന്നും ഗായകരായ ഷരീബും തോഷിയും മാപ്പു പറയണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസമാണ് അദ്ദേഹം ആൽബം പിൻവലിക്കാൻ നൽകിയിരിക്കുന്ന സമയം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗാനരംഗത്തിലെ നൃത്തം മതവികാരങ്ങൾ വ്രണപ്പെടുത്തിയെന്നാണ് അദ്ദേഹം ആരോപിച്ചത്. മന്ത്രിയും ബി.ജെ.പി പ്രവർത്തകരും വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ആൽബത്തിലെ വരികൾ മാറ്റുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സണ്ണി ലിയോണിയുടെ പുതിയ ആൽബത്തിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയരുന്നത് ആദ്യത്തെ സംഭവമല്ല. നൃത്തവും പാട്ടിലെ വരികളും ഹിന്ദു ഐതിഹ്യത്തെ അപമാനിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി മഥുരയിലെ ഹിന്ദു മത പുരോഹിതന്മാർ പ്രതിഷേധം രേഖപ്പെടുത്തുകയും ആൽബം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ നടിക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവൽ ഗിരി മഹാരാജും പറഞ്ഞു.
വൃന്ദാവനിലെ യമുനാ നദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ബ്രിജ്ഭൂമിക്ക് ഈ ഗാനവും നൃത്തരംഗങ്ങളും അപമാനമാണെന്നാണ് അഖില ഭാരതീയ തീർത്ഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്റായ മഹേഷ് പതക് പറഞ്ഞത്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ അശ്ലീലം നിറഞ്ഞ ആംഗ്യങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നതെന്നും ഹിന്ദുക്കൾ ആരാധിക്കുന്ന രാധയെ മോശമായാണ് നായിക അവതരിപ്പിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ഡിസംബർ 22 നാണ് യൂട്യൂബിലൂടെ സംഗീത കമ്പനിയായ സരിഗമ മ്യൂസിക്ക് ‘മധുബൻ’ എന്ന ആൽബം പുറത്തിറക്കിയത്. ഡിസംബർ 26 വരെ 98 ലക്ഷം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ കണ്ടത്. അതേസമയം വീഡിയോക്ക് താഴെ നിരവധി പേർ വിമർശനമുയർത്തിയിരുന്നു. 1960 ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന ചിത്രത്തിന് വേണ്ടി മുഹമ്മദ് റാഫി പാടിയതാണ് മധുബൻ മേ രാധിക നാച്ചെ എന്നുള്ള ഗാനം. സിനിമയിലെ ഗാനത്തിൽ നിന്ന് മധുബൻ മേ നാച്ചേ രാധിക എന്ന പദപ്രയോഗം മാത്രം ഉപയോഗിച്ചാണ് സണ്ണി ലിയോണിന്റെ പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്.
മതവികാരം ആരോപിച്ച് പിൻവലിച്ച പരസ്യങ്ങൾ
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നേരത്തെയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഫാഷൻ, ജ്വല്ലറി ഡിസൈനറായ സബ്യസാചി മുഖർജിയും അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് ഇരയാണ്. മംഗൾസൂത്രയുടെ കളക്ഷൻസുമായി ബന്ധപ്പെട്ട സബ്യസാചി മുഖർജിയുടെ പരസ്യം ആക്ഷേപകരവും അശ്ലീലം നിറഞ്ഞതുമാണെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. പരസ്യത്തിൽ മോഡലുകളായി വന്നവർ അർധനഗ്നരായാണ് അഭിനയിച്ചിരുന്നത്. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആ പരസ്യം 24 മണിക്കൂറിനുള്ളിൽ തന്നെ പിൻവലിക്കണമെന്നും നരോത്തം മിശ്ര ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹത്തിന് പുറമെ ബി.ജെ.പി അനുഭാവികളായ നിരവധി ആളുകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. നഗ്നതയും വൃത്തികേടും ഉയർത്തിക്കാട്ടി വിൽക്കേണ്ട വസ്തുവല്ല മംഗൾസൂത്രയെന്നും വിവാഹമെന്ന മംഗളമായ കർമ്മത്തിലൂടെ സ്ത്രീയേയും പുരുഷനേയും ഒന്നിപ്പിക്കുന്ന പവിത്രമായ മാലയാണ് മംഗൾസൂത്രയെന്നും വിമർശകർ ആരേപിച്ചിരുന്നു. അതേസമയം മന്ത്രിയുടെ മുന്നറിയിപ്പിന് മറുപടിയെന്നോണം സബ്യസാചി മുഖർജി പരസ്യം പിൻവലിക്കുകയും ഇതിലൂടെ സമൂഹത്തിലെ ഒരു വിഭാഗത്തെ വ്രണപ്പെടുത്തിയതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ദീപാവലിക്ക് മുന്നോടിയായി പുറത്തിറക്കിയ കർവാ ചൗത്തിന്റെ പരസ്യവും വിവാദങ്ങൾക്ക് കാരണമായിരുന്നു. ദീർഘ സുമംഗലിയായിരിക്കാനാണ് നോർത്ത് ഇന്ത്യയിലുള്ള സ്ത്രീകൾ കാർത്തിക മാസത്തിൽ ഈ ആചാരം നടത്തുന്നത്. പൊതുവെ വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാർക്ക് വേണ്ടി അന്നേ ദിവസം ഉപവാസം അനുഷ്ഠിക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യും. എന്നാൽ ലെസ്ബിയൻസ് പങ്കാളികൾക്കും കർവാ ചൗത്ത് ആഘോഷിക്കാം എന്നാണ് പരസ്യത്തിലൂടെ ചൂണ്ടിക്കാണിച്ചിരുന്നത്. കർവാ ചൗത് ആഘോഷിക്കുന്ന രണ്ട് പെൺകുട്ടികളാണ് പരസ്യത്തിലുള്ളത്. കർവാ ചൗത്തിനെക്കുറിച്ച് ഇരുവരും പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം. എൽ.ജി.ബി.ടി.ക്യു സമൂഹത്തെ പിന്തുണക്കുന്നതാണ് ഈ പരസ്യം എങ്കിലും നിരവധി വിമർശനങ്ങളാണ് വീഡിയോക്ക് താഴെ ഉയർന്നുവന്നത്.
****
Source: Agencies | Compiled by Bhadra Chandran