തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇ-ഓട്ടോകള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാന്‍ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി. ഇ-ഓട്ടോകള്‍ക്കായി 1140 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക.
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും 5 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന് വീതവും കോര്പ്പറേഷന് പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളില്‍ 15 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന് വീതവും സ്ഥാപിക്കും.
ഇതിനു പുറമേ, സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നല്കുന്ന 25% സബ്സിഡി ലഭ്യമാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ആയി അനര്‍ട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. കെ.എസ്.ഇ.ബിയുടെ 26 വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫെബ്രുവരി 2022 ല്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെ.എസ്.ഇ.ബി.എല്‍. ചെയര്മാന് ഡോ.ബി.അശോക് IAS, കെ.എസ്.ഇ.ബി.എല്‍. ഡയറക്ടര്‍ ആര്.സുകു, അനര്‍ട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി ഐഎഫ്എസ്, ഇ.എം.സി ഡയറക്ടര്‍ ഡോ. ആര്. ഹരികുമാര്‍, മറ്റുന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Electric Auto rickshaw charging stations