ന്യൂഡൽഹി: കണ്ണൂര് മട്ടന്നൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്ന ഹർജി ഒരു മാസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി. ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് എതിരെ നൽകിയ ഹർജിയാണ് നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയത്. ജസ്റ്റിസ്മാരായ ബി ആർ ഗവായ്, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസിന്റെ എല്ലാ വശങ്ങളും കണക്കിലെടുത്താണ് അന്വേഷണം സിംഗിൾ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി.ഗിരിയും, അഭിഭാഷകൻ എം.ആർ.രമേശ് ബാബുവും വാദിച്ചു.
കുറ്റപത്രം നൽകിയ കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്ന് കോടതി ആരാഞ്ഞു. പ്രതികൾക്ക് എതിരെ യുഎപിഎ ചുത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ സിബിഐയ്ക്ക് അന്വേഷിക്കാൻ കഴിയില്ലായെന്നും, എൻഐഎ ആണ് അന്വേഷിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു.
കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള നിലപാട് ഇത് വരെയും സിബിഐ കോടതിയെ അറിയിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി എന്നിവർ ഹാജരായി.
Content Highlights: supreme court postponed petition to hand over shuhaib case to cbi