ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു ജയവും ഒരു സമനിലയുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാമതായി
ബ്രസീലിയ: കോപ്പ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ ജയം. ഉറുഗ്വായ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് മെസ്സിയുടെ അർജന്റീന ആദ്യ ജയം സ്വന്തമാക്കിയത്. അർജന്റീനക്കായി ജിഡോ റോഡ്രിഗസാണ് ഒരു ഗോൾ നേടിയത്. ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു ജയവും ഒരു സമനിലയുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാമതായി.
ചിലിയുമായുള്ള ആദ്യമത്സരത്തിൽ 1-1ന് സമനിലയിൽപെട്ട അർജന്റീന ആദ്യ ജയം ലക്ഷ്യമിട്ട് ഉറുഗ്വായെ നേരിടാനിറങ്ങിയത്. എന്നാൽ കോപ്പയിലെ കരുത്തരായ ഉറുഗ്വായെ കീഴടക്കുക എന്നത് അത്ര എളുപ്പമല്ലെങ്കിലും അർജന്റീന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ചു. മത്സരത്തിന്റെ 13-മത്തെ മിനിറ്റിൽ മെസ്സിയുടെ പാസ്സിലൂടെ ജിഡോ റോഡ്രിഗസ് അർജന്റീനക്കായി ലീഡ് നേടി. ബോക്സിനു പുറത്തു നിന്നും മെസ്സി നൽകിയ പന്ത് ഹെഡറിലൂടെ റോഡ്രിഗസ് ഗോളാക്കുകയായിരുന്നു.
ആദ്യ ഗോളിന് ശേഷം ഉറുഗ്വായ് മികച്ച മുന്നേറ്റങ്ങൾ പുറത്തെടുത്തെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് സാധിച്ചില്ല. രണ്ടാം പകുതിയിലും പന്ത് കയ്യടക്കത്തിന്റെ കാര്യത്തിൽ മികവ് പുലർത്തിയ ഉറുഗ്വായ്ക്ക് പക്ഷേ അവസരങ്ങളൊന്നും വലയിൽ എത്തിക്കാൻ സാധിച്ചില്ല. ഉറുഗ്വായ് മുന്നേറ്റ നിരക്ക് മുന്നിൽ അർജന്റീനയുടെ പ്രതിരോധ നിര ശക്തമായി നിലയുറപ്പിച്ചു.
ഉറുഗ്വായ്ക്ക് വേണ്ടി സുവരാസ്-കവാനി സഖ്യത്തിന്റെ ആക്രമണങ്ങളും അർജന്റീനയുടെ ഗോൾ പോസ്റ്റിലേക്ക് കയറിയില്ല. പുതിയ പരിശീലകൻ ലയണൽ സ്കലോണിയക്ക് കീഴിൽ തോൽവി അറിയാത്ത തുടർച്ചയായ 15-മത്തെ മത്സരമായിരുന്നു അർജന്റീനയുടേത്. ഈ വിജയത്തോടെ അർജന്റീന നോക്ക്ഔട്ട് സാധ്യത നിലനിർത്തി.
Read Also: Copa America 2021 Schedule, Teams, Fixtures, Live Streaming: കോപ്പ അമേരിക്ക ഫിക്സ്ചർ