ഡി ഗ്രൂപ്പില്‍ നാല് പോയിന്റുകളുമായി ചെക്ക് റിപ്പബ്ലിക്കിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോൾ
ലണ്ടന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കി സ്കോട്ലന്ഡ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. രണ്ടു ടീമുകളും ഓരോ പോയിന്റുകൾ വീതം പങ്കിട്ടു.
മത്സരത്തിന്റെ തുടക്കം മുതൽ സ്കോട്ലൻഡ് പോരാട്ട വീര്യം പുറത്തെടുത്തിരുന്നു. 4-മത്തെ മിനിറ്റില്‍ വലത് വിംഗിലൂടെ പന്തുമായി മുന്നേറി ബോക്സില്‍ കയറി സ്കോട്ടിഷ് താരം സ്റ്റീഫന്‍ ഒ ഡണ്ണല്‍ ആദ്യ ഗോളിന് ശ്രമം നടത്തി. എന്നാല്‍ പ്രധിരോധ താരം ജോണ്‍സ് സ്റ്റോണ്‍ അതു തടഞ്ഞു. 11-മത്തെ മിനിറ്റില്‍ സ്റ്റോണ്‍സിന്റെ തൊടുത്ത ഒരു ഹെഡ്ഡര്‍ സ്കോട്ടിഷ് ഗോൾപോസ്റ്റിൽ തട്ടി പുറത്തുപോയി. അടുത്തതായി 30-മത്തെ മിനിറ്റില്‍ ഡണ്ണലിന്റെ ഒരു മികച്ച ഷോട്ട് പിക്ഫോര്‍ഡ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ട് ആണ് ആദ്യ അവസരം ഒരുക്കിയത്. ഇടത് വിംഗ്ബാക്ക് ലൂക്ക് ഷോയില്‍ നിന്ന് പാസ് സ്വീകരിച്ച് മൗണ്ട് പോസ്റ്റിന്റെ താഴെ വലതു കോർണർ ലക്ഷ്യമാക്കി ഷോട്ട് പായിച്ചു. എന്നാല്‍ സ്കോട്ടിഷിന്റെ ഗോളി ഡേവിഡ് മാര്‍ഷല്‍ അത് തടഞ്ഞു പുറത്തേക്കിട്ടു. 62-മത്തെ മിനിറ്റിൽ സ്കോട്ലന്ഡിന്റെ മുന്നേറ്റ താരം ലിന്ഡണ് ഡൈക്സിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ കുലുക്കുമെന്ന് കരുതിയെങ്കിലും ഗോള്‍ വര കടക്കും മുൻപ് തിറോണ്‍ മിംഗ്സ് പന്ത് ഹെഡ് ചെയ്തു രക്ഷിച്ചു. 78-മത്തെ മിനിറ്റിൽ ചെ അഡംസിന്റെ ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റിന്റെ മുകളിലൂടെ പോയി.
Read Also: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ
ഡി ഗ്രൂപ്പില്‍ നാല് പോയിന്റുകളുമായി ചെക്ക് റിപ്പബ്ലിക്കിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോൾ. ഒരു പോയിന്റ് മാത്രമായി സ്കോടലന്‍ഡ് നാലാം സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെയാണ് ഇംഗ്ലണ്ട് നേരിടുക. മത്സരം സമനിലയിലായാൽ ഇരുടീമുകളും പ്രീ ക്വാര്‍ട്ടറിൽ കയറും. രണ്ടു ടീമിനും ഇപ്പോൾ നാല് പോയിന്റ് വീതമാണുള്ളത്.