വാർത്താ ചാനൽ അഭിമുഖത്തിൽ കേസിലെ സാക്ഷിയായ സി. അനുപമ നടത്തിയ പരാമർശങ്ങളാണ് കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായത് എന്നാണ് അവകാശവാദം.
സി. അനുപമ (ഇടത്ത്, Photo: TNN), അഭിലാഷ് മോഹനൻ (വലത്ത്, Photo Credit: Facebook)
ഹൈലൈറ്റ്:
- മാധ്യമപ്രവർത്തകനെ സാക്ഷിയായി വിസ്തരിച്ചു
- അവകാശവാദവുമായി പ്രതിഭാഗം
- സി. അനുപമ അന്നു നൽകിയ മറുപടി
“ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നിങ്ങളുടെ അഭിലാഷ് മോഹനാണ്. റിപ്പോര്‍ട്ടര്‍ ചാനലിൽ അഭിലാഷ് മോഹൻ്റെ ക്ലോസ് എൻകൗണ്ടര്‍ എന്ന പരിപാടിയിൽ അനുപമ എന്ന കന്യാസ്ത്രീ പറഞ്ഞതാണ് ഈ കേസിലെ ഏറ്റവും പ്രധാന തെളിവായിട്ട് വന്നത്. അഭിലാഷ് മോഹനെ ഞങ്ങള്‍ ഈ കോടതിയിൽ വിളിച്ചു വരുത്തി വിസ്തരിച്ചു. അഭിലാഷ് മോഹൻ്റെ ഇൻ്റര്വ്യൂവോടു കൂടിയാണ് അനുപമ പറഞ്ഞത് മുഴുവൻ കള്ളമാണെന്നു തെളിഞ്ഞത്.” അഭിഭാഷകൻ പറഞ്ഞു. എറണാകുളത്ത് ഹൈക്കോടതിയ്ക്കു മുൻപിൽ കന്യാസ്ത്രീകളുടെ സമരം നടക്കുന്ന സമയത്തായിരുന്നു അഭിമുഖം പുറത്തു വന്നത്. ഈ അഭിമുഖത്തിനിടയിലാണ് സി. അനുപമ നിര്‍ണായകമായ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് ബി രാമൻ പിള്ള പറയുന്നത്. “ആ ഇൻ്റർവ്യൂവിൽ അനുപമ പറയുന്നുണ്ട് ഈ കേസൊക്കെ വന്ന ശേഷമാണ് ഇങ്ങനെ ഒരു കാര്യമുള്ളത് ഞങ്ങൾ അറിഞ്ഞതെന്ന്. ആ വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചു. അഭിലാഷ് മോഹനെ വിളിച്ചു വരുത്തി സാക്ഷിയായി വിസ്തരിച്ചു.” തന്നോടു പറഞ്ഞ കാര്യങ്ങൾ അതേപടി സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നും ഇതിൽ എഡിറ്റിങ് വരുത്തിയിട്ടില്ലെന്നും അഭിലാഷ് കോടതിയിൽ സമ്മതിച്ചതായും അഭിഭാഷകൻ പറഞ്ഞു.
Also Read: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
പീഡനക്കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ പൊതുവേദിയിൽ സമരം ചെയ്യുന്നതിനിടെയായിരുന്നു അഭിമുഖം പുറത്തു വന്നത്. പീഡനത്തെ അതിജീവിച്ച കന്യാസ്ത്രീ പരാതിയുമായി സഭാധികാരികളെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായില്ല എന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് അഭിലാഷ് മോഹൻ ചോദിച്ച ചോദ്യത്തിനായിരുന്നു സമരമുഖത്തുണ്ടായിരുന്ന സി. അനുപമയുടെ മറുപടി.
“സിസ്റ്റർ ജനറലിനോട് എല്ലാം ഓറലി പറഞ്ഞിരുന്നു. സിസ്റ്റർ കൂടെ കിടക്കാത്തതിൻ്റെ പേരിലാണ് എന്നൊരു വാക്കാണ് സിസ്റ്റർ എവിടെയും ഉപയോഗിച്ചു കൊണ്ടിരുന്നത്. അങ്ങനെയുള്ള ഒരു കാര്യം പറഞ്ഞിരുന്നു.” അനുപമ അഭിമുഖത്തിൽ പറഞ്ഞു. പീഡനം നടന്ന വിവരം സഹപ്രവർത്തകരായ കന്യാസ്ത്രീകളോടു പറഞ്ഞിരുന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ മറുചോദ്യം.
“ഞങ്ങളെല്ലാവരോടും എപ്പോഴും പറയുന്ന കാര്യം കൂടെ കിടക്കാത്തതിൻ്റെ പേരിലാണ് എന്നൊരു കാര്യമാണ്. എന്നോടു പോലും അങ്ങനെയാണ് പറഞ്ഞിരുന്നത്. ലാസ്റ്റ് കാര്യങ്ങൾ ഇത്രയും വഷളാകുന്നുണ്ടെന്നു കണ്ടപ്പോഴാണ്, ലാസ്റ്റ് പോലീസ് കേസൊക്കെ കൊടുത്തു കണ്ടപ്പോഴാണ് മനസ്സിലാകുന്നത് സത്യത്തിൽ അവിടെ എന്താണ് സംഭവിച്ചത് എന്നത്. സാമാന്യമര്യാദയിൽ ഇച്ചിരെയെങ്കിലും ലേശം ബോധമുള്ള ഒരാൾക്ക് കൂടെ കിടക്കാത്തതിൻ്റെ പേരിലെന്നു പറയുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ എന്തെങ്കിലും ഒക്കെ അവിടെ നടന്നിട്ടുണ്ടാകും എന്ന്.” സിസ്റ്റർ അനുപമ വ്യക്തമാക്കി. “ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തു കൊണ്ടുവരികയെന്നത് (ജനറാൾ) സി. റജീനയുടെ കൂടെ കടമയാണ്. എന്നാൽ സിസ്റ്റർ അതൊന്നും നോക്കാതെ ഞങ്ങളുടെ സിസ്റ്ററിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഇപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.” കന്യാസ്ത്രീ കൂട്ടിച്ചേർത്തു.
തന്നെ കോടതി സാക്ഷിയായി വിസ്തരിച്ച വിവരം അഭിലാഷും സ്ഥിരീകരിച്ചിട്ടുണ്ട്. അഭിമുഖം യഥാർഥമാണോ കെട്ടിച്ചമച്ചതാണോ എന്നതായിരുന്നു തന്നോടുള്ള ചോദ്യമെന്നും അഭിമുഖം യഥാർഥമാണെന്ന മറുപടി കോടതിയിൽ നൽകിയതായും അഭിലാഷ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. തന്ർറെ മൊഴി പൂർണമായും അഭിമുഖത്തെക്കുറിച്ച് മാത്രമായിരുന്നു എന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോട്ടയത്തെ കോടതി ഇന്നാണ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു മെത്രാനെ പീഡനക്കേസിൽ കോടതി വിചാരണ ചെയ്യുന്നത്. അതേസമയം, അഭിമുഖത്തിലെ പരാമർശങ്ങൾ കോടതി തെളിവായി സ്വീകരിച്ചെന്ന അഭിഭാഷകൻ്റെ വാദം നേരിട്ടു സ്ഥിരീകരിക്കാൻ സമയം മലയാളത്തിനു സാധിച്ചിട്ടില്ല.
വടകര സ്വദേശി നാദാപുരത്ത് മരിച്ച നിലയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : lawyer claims words of sister anupama in tv interview prime evidence in acquitting bishop franco in case
Malayalam News from Samayam Malayalam, TIL Network