വീണ്ടും ഒരുതവണ ചിന്തിക്കാതെ തന്നെ പറയാം ഒരാൾക്ക് തൻ്റെ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വിലമതിക്കുന്ന സമ്മാനം അവരുടെ അച്ഛൻ തന്നെയായിരിക്കുമെന്ന്. ഈ പിതൃ ദിനത്തിൽ മാത്രമല്ല, ജീവനുള്ള കാലമത്രയും അച്ഛനെയും അച്ഛൻറെ ഓർമകളെയും ചേർത്തുവെച്ച് താലോലിക്കാം.
നിങ്ങളുടെ ജീവിതത്തിൽ ആരാണ് അച്ഛൻ?
ഓർമ്മയുണ്ടാവില്ല എങ്കിൽ പോലും നമ്മുടെ ആ കുരുന്നു കൈകൾ ഒപ്പം ചേർത്ത് പിടിച്ച് ആദ്യം പിച്ചവയ്ക്കാൻ പഠിപ്പിച്ചത് അച്ഛൻ ആയിരിക്കും. ജീവിതത്തിൽ സ്വപ്നം കാണാൻ പഠിപ്പിച്ചതും അത് നേടിയെടുക്കുന്നതിന് വിത്ത് പാകിയതും ലക്ഷ്യം നേടും വരെ ഒരു താങ്ങായി പിടിച്ചു നിൽക്കാൻ ചുമലുകൾ തന്നതും അച്ഛനല്ലാതെ മറ്റാരാണ്. പ്രാണനോട് ചേർത്തു വയ്ക്കാവുന്ന ഇത്തരം ഓർമ്മകൾ കൂടെയുള്ളതിനാൽ തന്നെ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛൻ എന്ന വ്യക്തിയുടെ സ്ഥാനം എന്തായിരുന്നു എന്ന് ചോദിച്ചാൽ അത് തുറന്നു പറയാനായി പലർക്കും വിലയേറിയതും കണ്ണ് നനയിക്കുന്നതുമായ ഉത്തരങ്ങൾ ഒരുപാടുണ്ടാകും. യഥാർത്ഥത്തിൽ അച്ഛൻ എന്ന വ്യക്തി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്ക് ആരെല്ലാമായി മാറിയിരുന്നു എന്നാണ് പറഞ്ഞു തുടങ്ങേണ്ടത്.
ഫാമിലി മാൻ
കുടുംബത്തിൽ എല്ലായ്പ്പോഴും സ്നേഹവും പങ്കാളിത്തവും പകർന്നു നൽകുന്നതിൻ്റെ ആദ്യ മാതൃക കാണിച്ചു തന്നത് അച്ഛൻ ആയിരിക്കും. അച്ഛനിൽ നിന്ന് ആകും മക്കൾ ജീവിതത്തിൽ പഠിക്കാനുള്ള കുടുംബ ജീവിതത്തിൻറെ ഏറ്റവും നല്ല പാഠങ്ങൾ സ്വയമേ തിരിച്ചറിയുന്നതും. കുടുംബത്തിൽ ഉണ്ടാവുന്ന വിഷമങ്ങളും സന്തോഷങ്ങളും എന്ത് തന്നെയായാലും അത് ഒരുപോലെ ഏറ്റുവാങ്ങുന്ന ആളാണ് അച്ഛൻ. ജീവിതത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്നും തോൽവികൾ ഉണ്ടാകുമ്പോൾ അതിനെ തന്മയത്തത്തോടെ എങ്ങനെ നേരിടണം എന്നുള്ള തിരിച്ചറിവുകളും ഉൾബോധവും ഒക്കെ നമുക്ക് അറിഞ്ഞോ അറിയാതെയോ ലഭിക്കുന്നത് എതൊരു പ്രതിസന്ധികളിലും പതറാതെ നിൽക്കുന്ന അച്ഛനിൽ നിന്നു തന്നെ ആയിരിക്കും.
തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞ് നിറവേറ്റാൻ നിർത്താതെ പരിശ്രമിക്കുന്ന ആളാണ് അച്ഛൻ. സന്തോഷത്തിൽ കൂടെ ചേർന്ന് ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അച്ഛനെപ്പോലെ മറ്റാർക്ക് കഴിയും? ഒരു പ്രശ്നത്തിൽ പെട്ടാൽ ഒരു മടിയും കൂടാതെ നമുക്ക് തിരികെ ഓടി ചെല്ലാൻ കഴിയുക അച്ഛൻ്റെ അടുത്തേക്ക് മാത്രമാണ്. എപ്പോഴായാലും അച്ഛൻറെ അടുക്കൽ ഒന്നു തിരികെ വന്നിരുന്നാൽ തിരിച്ചറിയും നാമെത്ര സുരക്ഷിതരാണെന്ന്.
അച്ഛൻ എന്ന രക്ഷാധികാരി
ഓരോ വീടിൻ്റെയും കാവൽക്കാരനും രക്ഷാധികാരിയും ഒക്കെ ആ വീട്ടിലെ അച്ഛനാണ്. അച്ചൻ്റെ മൂല്യങ്ങളും ധാർമ്മികതയും കണ്ടു പഠിച്ചാണ് ഓരോ വീട്ടിലും കുട്ടികൾ വളർന്നു വരുന്നത്. അതുവഴി അച്ഛനെ പോലെ മറ്റുള്ളവർ ബഹുമാനിക്കുന്ന ഒരു മാന്യ വ്യക്തിയായി വളർന്നുവരാൻ അവർക്ക് സാധിക്കുന്നു. ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും ധൈര്യപൂർവം നേരിടാനുള്ള കഴിവ് കുട്ടികൾക്ക് ലഭിക്കുന്നത് അവരുടെ പിതാക്കന്മാരിൽ നിന്നാണ്. തൻ്റെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനും മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനായി സ്വയം വിട്ടുവീഴ്ച ചെയ്യാതിരിക്കാനും ഒക്കെ അച്ഛൻറെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. ഏതു പ്രശ്നത്തിലും സ്വയം പരിരക്ഷിക്കാൻ കഴിവുള്ള, ആത്മവിശ്വാസമുള്ള, കരുത്തുള്ള, ഒരു വ്യക്തിയായി സ്വയം പരിണമിക്കുന്നതിനുള്ള വഴി തൻ്റെ മക്കൾക്ക് കാട്ടി കൊടുക്കുന്നത് രക്ഷാധികാരി കൂടിയായ അച്ഛനാണ്.
നാം കണ്ട ഏറ്റവും വലിയ ജെന്റിൽമാൻ
ഒരു വീട്ടിൽ അച്ഛനും അമ്മയുമായി രണ്ട് രക്ഷകർത്താക്കൾ ഉണ്ടെങ്കിലും ഒരു കുട്ടിയുടെ സ്വഭാവ ശീലത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ സാധ്യതയുള്ളത് അച്ഛൻ തൻ്റെ ജീവിതം കൊണ്ട് കാട്ടിക്കൊടുക്കുന്ന ശീലങ്ങൾ തന്നെയാണ്. ഒരു അച്ഛൻ മറ്റൊരു വ്യക്തിയോട്, അത് സ്ത്രീയായാലും പുരുഷനായാലും, ഒരുപോലെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറുമ്പോൾ, അത് കണ്ടു വളരുന്ന തന്റെ മക്കളുടെ വരാനിരിക്കുന്ന ജീവിത കാലഘട്ടത്തെയും ക്രിയാത്മകമായി രൂപകൽപ്പന ചെയ്യുന്നുണ്ട്. സമൂഹത്തിൽ മാന്യമായ രീതിയിൽ എങ്ങനെ ഇടപെടണമെന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും അച്ഛൻ കാട്ടിതരുന്ന നല്ല ശീലങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
Also read: സൗഹൃദങ്ങൾക്ക് പരിധികളില്ല, പരിമിതിയും
ഇരുട്ടിലും കെടാതെ പ്രകാശിക്കുന്ന വെളിച്ചം
” ജീവിതത്തിൽ വായിച്ച ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിൽ, അത് വായിക്കാൻ തിരി കെടാത്തത്ര വെളിച്ചം പകർന്നു തന്നത് അച്ഛനാണ് ” എന്ന് പറഞ്ഞു കേട്ട ഒരു വാചകമുണ്ട്. ഇരുട്ടുമൂടിയ ജീവിതത്തിലെ ഇടനാഴികളിലൂടെ നടന്നു പോകേണ്ടി വരുമ്പോൾ വഴികാട്ടാനായി തെളിഞ്ഞു കത്തുന്ന ഒരു മെഴുകുതിരിയായി അച്ഛനും അച്ഛൻറെ ഓർമ്മകളും എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും. നമ്മുടെ ജീവിത ഘട്ടത്തിൽ ഉടനീളം തെറ്റുകൾ ഉണ്ടാവുമ്പോഴെല്ലാം നേർവഴി പറഞ്ഞുതരാനും ഒരു ചെറിയ കുട്ടിക്ക് സംഭവിച്ച പോലെ അതിനെ ക്ഷമയോടെ ഏറ്റുവാങ്ങാനും അച്ഛനുണ്ടാകും. ഓരോ പ്രതിസന്ധികൾ ജീവിതത്തെ വരിഞ്ഞുമുറുക്കി ചുഴറ്റിയുമ്പോഴും ഒരു സുഹൃത്തിന് എന്ന പോലെ അച്ഛൻ പകർന്നു നൽകിയ പിന്തുണയും പ്രചോദനവുമൊക്കെ, ആ പാതയിൽ ഉടനീളം ഒരിക്കലും കെട്ടുപോകാതെ പ്രകാശിക്കുന്ന വെളിച്ചമായി നമുക്ക് മുന്നിൽ എന്നും നിലനിൽക്കും. മുന്നോട്ടുള്ള യാത്രയിൽ വീണുപോകാതെ വഴിനടത്താൻ ഇത് നമുക്ക് കരുത്തു പകരും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : role of your father in your life and in the family
Malayalam News from malayalam.samayam.com, TIL Network