Sumayya P | Samayam Malayalam | Updated: 20 Jun 2021, 10:07:09 AM
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് യാത്രാ-താമസ സൗകര്യങ്ങള്‍ നല്‍കിയതിന് 8222 പേരാണ് പിടിയിലായത്
ജിദ്ദ: കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ അറസ്റ്റിലായത് 56 ലക്ഷം വിദേശികളാണെന്ന് കണക്കുകള്‍. റെസിഡന്‍സി വിസ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ എന്നിവയുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. ഇങ്ങനെ അറസ്റ്റിലായവരില്‍ ഗുരുതര കുറ്റങ്ങള്‍ ചെയ്ത 15 ലക്ഷത്തിലേറെ പേരെ സ്വന്തം നാടുകളിലേക്ക് കയറ്റി അയച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായത് 5,615,884 നിയമ ലംഘകര്‍
2017 നവംബര്‍ മുതലുള്ള കുറ്റകൃത്യങ്ങളുടൈ കണക്കാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ഈ കാലയളവില്‍ 5,615,884 വിദേശികള്‍ വിവിധ കുറ്റങ്ങള്‍ക്ക് സൗദിയില്‍ പിടിയിലായി. മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം, ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് (ജവാസാത്ത്) ഉള്‍പ്പെടെയുള്ള 19 മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് ഇത്രയും നിയമ ലംഘകരെ പിടികൂടിയത്. ഇവരില്‍ 1,553,667 പേരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ പേര് പിടിയിലായത് വിസ നിയമലംഘനങ്ങള്‍ക്ക്
മൂന്ന് വിഭാഗം കുറ്റകൃത്യങ്ങള്‍ക്കാണ് ഇത്രയും പ്രവാസികള്‍ പിടിയിലായത്. അതില്‍ ഏറ്റവും പ്രധാനം വിസ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളാണ്. 4,304,206 പ്രവാസികളാണ് വിസ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത്. 802,125 പേര് തൊഴില്‍ നിയമലംഘനങ്ങള്‍ക്കും 509,553 പേര് അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും പിടിയിലായി. തെക്കന്‍ അതിര്‍ത്തിയിലൂടെ സൗദിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിനാണ് 116,908 പേര് പിടിയിലായത്. ഇവരില്‍ 51 ശതമാനം പേര് എത്യോപ്യന്‍ സ്വദേശികളും 43 ശതമാനം പേര് യമനി സ്വദേശികളുമാണ്. ബാക്കി ആറു ശതമാനം മാത്രമാണ് നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ പിടിയിലായ മറ്റ് രാജ്യക്കാര്‍. അതേസമയം, ആവശ്യമായ രേഖകളില്ലാതെ നിയമവിരുദ്ധമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ 9,508 പേര് പിടിയിലായതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
53,916 പേര് തടങ്കല്‍ കേന്ദ്രങ്ങളില്‍
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് യാത്രാ-താമസ സൗകര്യങ്ങള്‍ നല്‍കിയതിന് 8222 പേരാണ് പിടിയിലായത്. ഇവരില്‍ 2766 പേര് സൗദി പൗരന്മാരാണ്. ഇതില്‍ 2761 പേര് ശിക്ഷിക്കപ്പെട്ടു. അഞ്ചു പേര് ഇപ്പോഴും വിചാരണ നേരിടുകയാണ്. 49,954 പുരുഷന്മാരും 3,962 സ്ത്രീകളും ഉള്‍പ്പെടെ 53,916 പ്രവാസികള്‍ നിയമ ലംഘനത്തിന്റെ പേരില്‍ പിടിക്കപ്പെട്ട് താല്‍ക്കാലിക തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങള്‍ക്കായി പിടിക്കപ്പെട്ടവരില്‍ 714,208 പേരില്‍ നിന്ന് പിഴ ഈടാക്കി. ഇത്തരം 901,700 നിയമലംഘന കേസുകളില്‍ യാത്രാ രേഖകള്‍ നല്‍കുന്നതിനായി ബന്ധപ്പെട്ട എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറിയിട്ടുണ്ട്. 1,047,340 പേര് യാത്രാ രേഖകള്‍ ശരിയാക്കി നാടുകളിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത് കാത്തിരിക്കുകയാണെന്നും ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : over 5 6 million illegal expatriates arrested saudi and 1 5m deported since november 2017
Malayalam News from malayalam.samayam.com, TIL Network