കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിനെതിരെ കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഡാലോചന നടത്തിയെന്ന് മാത്രമായിരുന്നു കഴിഞ്ഞ ഒന്‍പതിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. ഇതില്‍ ഒരു അഡീഷണല്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗൂഡാലോചന നടത്തി എന്ന് മാത്രം പറയുമ്പോള്‍ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍.
അതിനിടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരന് പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.
Content Highlights: crime branch adds conspiracy for murder also in fir against actor dileep