Sumayya P | Samayam Malayalam | Updated: Jan 21, 2022, 8:42 AM
കൊള്ളപ്പലിശക്കാരുടെ കെണിയില്‍ പെടാതിരിക്കാന്‍ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് പീപ്പ്ള്‍സ് കലക്ടീവ് എഗെയിന്‍സ്റ്റ് ലോണ്‍ ഷാര്‍ക്സ് എന്ന സംഘടന.
600 ദിനാര്‍ 11 മാസം കൊണ്ട് 2500 ദിനാറായി
ശ്രീധര്‍ എന്ന ഇന്ത്യന്‍ പ്രവാസി മറ്റൊരു ഇന്ത്യക്കാരനില്‍ നിന്ന് 600 ബഹ്റൈന്‍ ദിനാര്‍ അഥവാ ഒരു ലക്ഷത്തി പതിനെട്ടായിരം രൂപ കടം വാങ്ങിയത് കോവിഡ് പ്രതിസന്ധി രൂക്ഷമായ 2020 നവംബറിലായിരുന്നു. ഏതാനും മുദ്രപ്പേപ്പറുകളും ബ്ലാക്ക് ചെക്ക് ലീഫുകളും ഒപ്പിട്ട് വാങ്ങിയായിരുന്നു പണം നല്‍കിയത്. എന്നാല്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീധറിന് ജോലി നഷ്ടമായി. 11 മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് തന്റെ കടം 2500 ദിനാറായി ഉയര്‍ന്നതായി ഇയാള്‍ അറിയുന്നത്. അഞ്ചു ലക്ഷത്തോളം ഇന്ത്യന്‍ രൂപ വരുമിത്. ഭാര്യയുടെ പക്കലുണ്ടായിരുന്ന ഏതാനും സ്വര്‍ണാഭരണവും ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ കിട്ടിയ തുകയും നല്‍കിയാണ് ശ്രീധര്‍ കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷപ്പെട്ടത്. അല്ലാത്ത പക്ഷം തന്റെ പക്കല്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ മുദ്രപ്പേപ്പര്‍ ഉപയോഗിച്ച് ഇവര്‍ കോടതിയെ സമീപിക്കുകയും അത് രാജ്യത്തേക്ക് ഭാവിയില്‍ വിസ നിഷേധിക്കപ്പെടുന്ന രീതിയിലേക്ക് മാറുകയും ചെയ്യുമായിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടി വന്‍ തുക ഇവര്‍ക്ക് നല്കാന് അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
ബോധവല്‍ക്കരണവുമായി പീപ്പ്ള്‍സ് കളക്ടീവ്
കൊള്ളപ്പലിശക്കാരുടെ കെണിയില്‍ പെടാതിരിക്കാന്‍ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് പീപ്പ്ള്‍സ് കലക്ടീവ് എഗെയിന്‍സ്റ്റ് ലോണ്‍ ഷാര്‍ക്സ് എന്ന സംഘടന. ഇവരുടെ കെണിവലകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ബ്ലേഡ് മാഫിയകളുടെ കെണിയില്‍ പെട്ടവര്‍ക്ക് നിയമ, സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും സംഘടന മുന്‍പന്തിയിലുണ്ട്. കടം തരുന്ന സമയത്ത് വളരെ മാന്യമായും കരുതലോടെയും പെരുമാറുന്ന ഇവരുടെ തനി സ്വഭാവം പലിശ തിരികെ വാങ്ങുന്ന സമയത്താണ് വ്യക്തമാവുകയെന്ന് ജമാന്‍ നദ്വി പറയുന്നു. പണം വാങ്ങുന്നവരില്‍ നിന്ന് ഈടായി മുദ്രപത്രവും തുക എഴുതാത്ത ചെക്ക് ലീഫുകളും ഒപ്പിട്ട് വാങ്ങുന്നതാണ് ഇവരുടെ രീതി. പലിശ നല്കാന് വിസമ്മതിച്ചാല്‍ ഇവ ഉപയോഗിച്ച് കോടതിയില്‍ പോവും. വാങ്ങിയതിന്റെ എത്രയോ ഇരട്ടി തുകയാണ് ഇവര്‍ മുദ്രക്കടലാസിലും ചെക്കിലും എഴുതിവയ്ക്കുക. കോടതി വിധി പ്രകാരം ഈ വലിയ തുക അടക്കേണ്ടിവരുമോ എന്ന ഭീതിയില്‍ പലരും എങ്ങനെയെങ്കിലും കൊള്ളപ്പലിശക്കാര്‍ ചോദിക്കുന്ന പണം നല്കി രക്ഷപ്പെടുകയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊള്ളപ്പലിശക്ക് പണം വാങ്ങുന്നവര്‍ പല വിധം
സാമ്പത്തിക പ്രതിസന്ധി കാരണം ദൈനം ദിന ചെലവിന് പോലും വഴിയില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളാണ് പലപ്പോഴും ബ്ലേഡ് മാഫിയയും കെണിയില്‍ പെടുന്നതെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരും ആഢംബര ജീവിതം ശീലമാക്കിയവരുമാണ് ഇവരുടെ മറ്റൊരു വിഭാഗം ഇരകള്‍. ബഹ്റൈന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരികളാണ് കൊള്ളപ്പലിശക്ക് പണം കടം വാങ്ങുന്ന മറ്റൊരു വിഭാഗം. താഴ്ന്ന വരുമാനക്കാരായ പ്രവാസി ജീവനക്കാരില്‍ നിന്ന് എടിഎം വാങ്ങിവയ്ക്കുകയും പകരം പണം കൊള്ളപ്പലിശയ്ക്ക് നല്കുന്നതുമാണ് മറ്റൊരു രീതി. ഇവര്‍ക്ക് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് വന്‍ തുക പലിശ ഈടാക്കിയ ശേഷം ബാക്കി തുക എടിഎമ്മില്‍ നിന്ന് എടുത്ത് നല്‍കുകയാണ് സംഘം ചെയ്യുന്നതന്നും ജമാന്‍ നദ്വി പറയുന്നു. ഇന്ത്യക്കാര്‍ക്കു പുറമെ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇവരുടെ ചൂഷണത്തിന് ഇരയാവുന്നവരില് ഏറെയും.
കൊള്ളപ്പലിശക്കാര്‍ക്ക് തലവച്ചു കൊടുക്കരുത്
പ്രവാസി സമൂഹമാകെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് അവരെ ചൂഷണം ചെയ്യാന്‍ രംഗത്തെത്തുന്ന കൊള്ളപ്പലിശക്കാര്‍ക്ക് തലവച്ചു കൊടുക്കരുതെന്നാണ് ജമാന്‍ നദ്വി പറയുന്നത്. ലോണ്‍ ആവശ്യമുള്ളവര്‍ നിയമാനുസൃതമായി ബാങ്കുകളെയോ മറ്റോ ആശ്രയിക്കുന്നതാണ് ഏറ്റവും ഉചിതം. പാസ്പോര്‍ട്ടും മുദ്രക്കടലാസും ബ്രാക്ക് ചെക്ക് ലീഫുകളും ഒരു കാരണവശാലും ഈടായി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ഇവ ഉപയോഗിച്ചാണ് സംഘം കടം വാങ്ങിയവരെ പിന്നീട് സമ്മര്‍ദ്ദത്തിലാക്കുക. ഇങ്ങനെ കൊള്ളപ്പലിശക്കാരുടെ കെണിയില്‍ പെട്ടവരുണ്ടെങ്കില്‍ സംഘടനയെ സമീപിക്കാമെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങളുടെ മുമ്പിലെത്തിയ ഇത്തരം കേസുകളില്‍ 90 ശതമാനത്തിലും പ്രവാസികള്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടാക്കി നല്കാന് തങ്ങള്‍ക്ക് സാധിച്ചതായും അദ്ദേഹം അറിയിച്ചു. ഒരാളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇത്തരം കേസുകളില്‍ പോലിസിനെ സമീപിച്ചാല്‍ അനുകൂലമായ സമീപനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : extortionists are active in bahrain to exploit the expatriates
Malayalam News from Samayam Malayalam, TIL Network