കണ്ണൂര്‍: കെ-റെയിലിനെക്കുറിച്ച് വിശദീകരിക്കാന്‍ സംഘടിപ്പിച്ച ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടി നടന്ന കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജന്. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജന് പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍. കള്ള സുവര്… സാധാരണ മുണ്ടും ഷര്‍ട്ടുമാണ്… ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍.’- ജയരാജന് പറഞ്ഞു.
നേരത്തെ, പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം.വി.ജയരാജന് ആരോപിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചവര്‍ സമരക്കാരല്ല, കാറിലെത്തിയ ഗുണ്ടകളാണ്. ജനാധിപത്യപരമായ രീതിയില്‍ നടത്തുന്ന സമരത്തെ ആരും എതിര്‍ക്കില്ല. പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ചുപേര്‍മാത്രം ദിനേശ് ഓഡിറ്റോറിയത്തിലെത്തിയത് സമരം നടത്താനല്ല. അക്രമം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുത്തവര്‍ ആത്മസംയമനം പാലിച്ചതിനാലും പോലീസ് ഉടന്‍ തന്നെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് നീക്കിയതിനാലുമാണ് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരുന്നത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: M V Jayarajan mocks Rijil Makkutty