കാസര്‍കോട്: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതിന് പിന്നാലെ അത് പിന്‍വലിച്ച നടപടിയില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍ രംഗത്ത്. ഉത്തരവ് ഇറക്കിയതിനുശേഷം പിന്‍വലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം മാറിയപ്പോള്‍ അതനുസരിച്ചാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതെന്നുമാണ് കളക്ടറുടെ വിശദീകരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയില്‍ ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികളും അനുവദിക്കില്ലെന്നായിരുന്നു കളക്ടര്‍ സ്വാഗത് ആര്. ഭണ്ഡാരിയുടെ ആദ്യ ഉത്തവ്. മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണ നിരക്ക് 30.5 ആയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. നിശ്ചയിച്ച പരിപാടികള്‍ സംഘാടകര്‍ അടിയന്തരമായി മാറ്റിവെക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഉത്തരവ് റദ്ദാക്കിയെന്ന അറിയിപ്പും വന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി കളക്ടര്‍ രംഗത്തെത്തിയിട്ടുള്ളത്.
ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങളില്‍ നിന്ന് മാറി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് കളക്ടര്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തേയാണ്. നിലവില്‍ കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പൂര്‍ണമായ നിയന്ത്രണങ്ങളുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.
രാത്രി ഒന്‍പതോടെയാണ് ആദ്യ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള കളക്ടറുടെ അറിയിപ്പ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനാല്‍ നേരത്തേയുള്ള ഉത്തരവ് റദ്ദുചെയ്യുന്നുവെന്നുമാണ് കളക്ടറുടെ അറിയിപ്പില്‍ പറയുന്നത്. ഇതിനിടെ കളക്ടറുടെ ആദ്യ ഉത്തരവ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. രാഷ്ട്രീയ പരിപാടികളും അനുവദനീയമല്ലെന്ന ഉത്തരവിലെ പരാമര്‍ശമാണ് ഇത് റദ്ദാക്കാന്‍ ഇടയാക്കിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Content Highlights: District Collector with an explanation on the withdrawal of the order not to allow gatherings in Kasargod district