കോട്ടയം: മെഡിക്കല്‍ കോളേജില്‍ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടക്കുകയുള്ളൂവെന്ന് അറിയിച്ച് അധികൃതര്‍. കോവിഡ് മൂന്നാം തരംഗത്തില്‍ നിരവധി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മുന്‍കൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴുവന്‍ വിഭാഗങ്ങളിലേയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി.
രോഗി സന്ദര്‍ശനം പൂര്‍ണമായി നിരോധിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍, ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാന്‍ അനുവദിക്കില്ല. ഒ.പിയിലെ തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
രോഗികളുമായി വരുന്ന വാഹനങ്ങള്‍ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം.ചെറിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താതെ, അതാത് മേഖലകളിലെ ആശുപത്രികളില്‍ പോകേണ്ടതാണെന്നും മറ്റ് ആശുപത്രികളില്‍നിന്നും വളരെ അടിയന്തിര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളജിലേയ്ക്ക് പറഞ്ഞുവിട്ടാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ റെഗുലര്‍ ക്ലാസ് രണ്ടാഴ്ചത്തേയ്ക്ക് അടച്ചു.
Content Highlights: only emergency surgeries to be conducted in kottayam medical college