തിരുവനന്തപുരം: കണ്ണൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന് എംപി രഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അത് എവിടെച്ചെന്ന് നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല. തല്ലിയാല്‍ തല്ലുകൊള്ളുന്നതല്ല സെമികേഡര്‍. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ സെമി കേഡര്‍ ഉണ്ട്. കൊലപാതകമല്ല സെമി കേഡര്‍. തല്ലിയാല്‍ കൊള്ളുന്നതുമല്ല. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്. അത് വേണ്ടിവരും. കാരണം വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്തുചെയ്യും. പോലീസില്‍നിന്നും നീതി കിട്ടില്ല. ഗാന്ധിജി പറഞ്ഞ ആശയത്തില്‍നിന്ന് ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിള് കാണിച്ചുകൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. അതിനുശേഷം അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ട് തല്ലുന്നവന് തിരിച്ച് രണ്ട് കൊടുക്കുകയേ നിവൃത്തിയുള്ളൂ. അത് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകും.
ദേഹത്ത് തൊട്ടുള്ള കളിയാണ് തകരാറ്. ആരെയും വെല്ലുവിളിക്കാം കുഴപ്പമില്ല, പക്ഷെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറും. അത് എവിടെയൊക്കെ ചെന്നുനില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ട് അതൊക്കെ നിര്‍ത്തുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന കെ-റെയില്‍ വിശദീകരണ യോഗത്തിലേക്ക് കടന്നുകയറി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.