ചരിത്രപരമായ വസ്തുതകൾക്കപ്പുറം അതിർത്തിയിലുള്ള ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് പ്രശ്നങ്ങൾ പരിഹരിക്കുന്നത് എന്നാണ് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ മാധ്യമങ്ങളോട് പറഞ്ഞത്. അതിർത്തി തിരിക്കുമ്പോൾ ജനങ്ങളെ നിർബന്ധിച്ച് ഒരു സംസ്ഥാനത്തേക്ക് പറഞ്ഞുവിടാനാകില്ലെന്നും ഇരു സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി.
മൊത്തം 12 സ്ഥലങ്ങളിലാണ് തർക്കം നിലനിൽക്കുന്നത്. അതിൽ ആറ് പ്രദേശങ്ങളിലെ തർക്കങ്ങളാണ് ആദ്യഘട്ടമെന്നോണം അടിയന്തിരമായി പരിഹരിക്കുന്നത്. ഹഹീം, ഗിസാങ്, തരാബാരി, ബോക്ലപാറ, ഖാനപാര – പില്ലിംഗ്കട്ട, രതചെറ എന്നിവയാണ് നിലവിൽ പ്രശ്നപരിഹാരത്തിനായി തെടഞ്ഞെടുത്തിരിക്കുന്ന പ്രദേശങ്ങൾ. താരതമ്യേന സംഘർഷങ്ങൾ കുറഞ്ഞ പ്രദേശങ്ങളാണ് ഈ ആറെണ്ണം.
തർക്കം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ കഴിഞ്ഞ വർഷം മുതൽ ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം അവസാനം തന്നെ തർക്കങ്ങളെല്ലാം പരിഹാരിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തയ്യാറായിരുന്നതാണ്. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള അസമിലെ പ്രതിപക്ഷ പാർട്ടികൾ അതിനെ എതിർക്കുകയും തിരക്കുകൂട്ടാതെ വിശാലമായ തലത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയിട്ട് അന്തിമ തീരുമാനം എടുത്താൽ മതിയെന്നും അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് സംസ്ഥാനങ്ങളിലേയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ട് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റികൾ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ രമ്യമായ പരിഹാരത്തിനുള്ള മാർഗരേഖയും തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം അതിർത്തി പ്രദേശങ്ങൾ തുല്യമായി വീതിക്കാനുള്ള സർക്കാരുകളുടെ നീക്കത്തെ എതിർത്തും കുറെ നേതാക്കൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൊരാളാണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എ.ഐ.യു.ഡി.എഫ്) ഓർഗനൈസിംഗ് സെക്രട്ടറിയും എം.എൽ.എയുമായ എം.ഡി അമിനുൽ ഇസ്ലാം.
” 6 മേഖലകളിലെയും തർക്കങ്ങൾ പരിഹരിക്കാനാണ് സംസ്ഥാനങ്ങളുടെ നീക്കം. അതിനായി ഒരു ‘കൊടുക്കൽ വാങ്ങൽ’ നയമാണ് ( give and take policy ) ഇരു സംസ്ഥാനങ്ങളും സ്വീകരിക്കുന്നത്. ഇതുവരെയുള്ള കണക്കുക്കൂട്ടലുകൾ പറയുന്നത്, അസമിന് 18.51 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും മേഘാലയയ്ക്ക് 18.29 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും ലഭിക്കും എന്നാണ്. എന്നാൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ മുഖ്യമന്ത്രി തലത്തിൽ പരിഹരിക്കാനാവില്ല. അത് കേന്ദത്തിന്റെ ചുമതലയാണ്. വർഷങ്ങളായി മേഘാലയ അസമിന്റെ ഭൂമി കയ്യേറുകയാണ്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള പ്രശ്ന പരിഹാരത്തിന് പകരം, വിഷയം സംസ്ഥാന നിയമസഭയിൽ ചർച്ച ചെയ്യുകയും പ്രമേയം അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറുകയും ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ”– അമിനുൽ ഇസ്ലാം പറഞ്ഞു.
” ഈ വിഷയം സംസ്ഥാന നിയമസഭയിൽ വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. അതിനാൽ ഞങ്ങൾ സർക്കാരിന്റെ നീക്കത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് ഗൗരവമേറിയ വിഷയമായതിനാൽ, ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.” — കോൺഗ്രസ് എം.എൽ.എയും പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയയും അറിയിച്ചു.
അതേസമയം തനിക്ക് കൊവിഡ് പിടിപ്പെട്ടിരുന്നതിനാൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും അതിനാൽ അന്ന് തന്നെ എതിർപ്പ് രേഖപ്പെടുത്താൻ സാധിച്ചില്ലെന്നുമാണ് റൈജോർ ദൾ പ്രസിഡന്റും ശിവസാഗർ എം.എൽ.എയുമായ അഖിൽ ഗൊഗോയ് പറഞ്ഞത്. എന്നാൽ ഇത്രയും വലിയൊരു പ്രശ്നം വരുമ്പോൾ മിണ്ടാതിരിക്കാൻ തനിക്ക് കഴിയില്ലെന്നും എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രസ്താവന അസം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അതിർത്തികൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്താണ് അസം – മേഘാലയ അതിർത്തി പ്രശ്നം?
ഏകദേശം 50 വർഷത്തോളമായി അസം – മേഘാലയ അതിർത്തി പ്രദേശങ്ങൾ പുകയുകയാണ്. വ്യക്തമായി പറഞ്ഞാൽ അസമിൽ നിന്ന് ഒരു പ്രത്യേക സംസ്ഥാനമായി മേഘാലയ രൂപീകരിച്ചതിന് ശേഷമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 1971 ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലാണ് മേഘാലയയെ അസമിൽ നിന്ന് വേർപെടുത്തിയത്. എന്നാൽ രണ്ട് സംസ്ഥാനമായെങ്കിലും അതിർത്തി നിർണ്ണയം ഏറെ വെല്ലുവിളി നിറഞ്ഞതും തർക്കങ്ങളിലേക്ക് നയിക്കുന്നതുമായിരുന്നു.
അസമും മേഘാലയയും 885 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നു. ഈ മേഖലയിലാണ് 12 തർക്ക പ്രദേശങ്ങൾ നിലനിൽക്കുന്നത്. അപ്പർ താരാബാരി, ഗസാങ് റിസർവ് ഫോറസ്റ്റ്, ഹാഹിം, ലാംഗ്പിഹ്, ബോർഡുവാർ, ബോക്ലപാറ, നോങ്വ, മതാമൂർ, ഖാനപാര-പിലംഗകട, ദേശ്ഡെമോറിയ ബ്ലോക്ക് 1 ഉം രണ്ടും, ഖണ്ഡുലി, റെറ്റാചെറ എന്നീ പ്രദേശങ്ങളിലാണ് സംഘർഷങ്ങളുള്ളത്.
അസമിലെ കാംരൂപ് ജില്ലയുടെ അതിർത്തിയോട് ചേർന്നുള്ള വെസ്റ്റ് ഗാരോ കുന്നുകളിൽ ( നിലവിൽ മേഘാലയുടെ ഭാഗം) സ്ഥിതി ചെയ്യുന്ന ലാംഗ്പിഹ് ജില്ലയാണ് പ്രധാന തർക്കവിഷയം. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ ലാംഗ്പിഹ് കാംരൂപ് ജില്ലയുടെ ഭാഗമായിരുന്നുവെങ്കിലും മേഘാലയ സംസ്ഥാനമായി രൂപപ്പെട്ടതിന് ശേഷം ലാംഗ്പിഹ് ഗാരോ കുന്നുകളുടെയും മേഘാലയയുടെയും ഭാഗമായി മാറി. എന്നാൽ അത് അംഗീകരിക്കാൻ അസം തയ്യാറായിരുന്നില്ല. അസമിന്റെ ഭാഗമായുള്ള മിക്കിർ കുന്നുകളുടെ ഭാഗമായാണ് അവർ ലാംഗ്പിഹിനെ കണക്കാക്കുന്നത്. അതേസമയം തങ്ങളുടെ ചില ഭാഗങ്ങൾ അസം കൈയ്യടിക്കിയിട്ടുണ്ടെന്ന് മേഘാലയയും അവകാശപ്പെട്ടിരുന്നു. മിക്കിർ ഹിൽസിലെ 1, 2 ബ്ലോക്കുകളാണവ ( ഇപ്പോഴത്തെകർബി ആംഗ്ലോംഗ് മേഖല ). യുണൈറ്റഡ് ഖാസിയുടേയും ജയന്തിയാ ഹിൽസ് ജില്ലകളുടെയും ഭാഗങ്ങളായിരുന്നു ഇവയെന്നാണ് മേഘാലയ പറയുന്നത്.
തരുൺ ഗൊഗോയി അസം മുഖ്യമന്ത്രിയായിരുന്ന സമയത്ത് അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. അദ്ദേഹത്തിന്റെ 12 വർഷം നീണ്ട മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നതും പരിഹരിച്ചിരുന്നതും അതിർത്തി വിഷയങ്ങളായിരുന്നു. തരുൺ ഗൊഗോയ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന അസം സർക്കാരിന്റെ ഗസ്റ്റ് ഹൗസ് തുടർച്ചയായി ആരോപണങ്ങൾക്ക് വിധേയമായിരുന്നു. ഖാനപാര – പിലംഗകട ബ്ലോക്കിലെ ഒരു ചെറിയ കുന്നിൻ മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്തിരുന്നത്. ഈ പ്രദേശം തങ്ങളുടേതാണെന്നായിരുന്നു മേഘാലയ പലപ്പോഴും അവകാശപ്പെട്ടിരുന്നത്. വർഷങ്ങൾ കഴിയുന്തോഴും അതിർത്തി പ്രശ്നങ്ങളുടെ ആഴം കൂടുകയാണ് ചെയ്തത്.
****
Source: Agencies | Compiled by Aneeb P.A