മലപ്പുറം: വാഹനം മോഡല്‍മാറി നല്‍കിയെന്ന പരാതിയില്‍ വാഹന ഉടമയ്ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് വിധി.മഞ്ചേരി തുറയ്ക്കലെ പൂളക്കുന്നന്‍ മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് നഷ്ടപരിഹാരം വിധിച്ചത്. 4,40,000 രൂപ ഹര്ജിക്കാരന് നല്‍കണമെന്നും കമ്പനി ബോധപൂര്‍വം കാലതാമസം വരുത്തിയതിനാല്‍ 1,00,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിച്ചെലവുംകൂടി ഒരു മാസത്തിനകം നല്‍കണമെന്നുമാണ് വിധി.
കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന് അംഗവുമായ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ശിക്ഷ വിധിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിധിസംഖ്യക്ക് ഒന്പതുശതമാനം പലിശ നല്‍കണം. 2014 ജനുവരിയിലാണ് 2013 മോഡല്‍ കാര്‍ താന്‍ വാങ്ങിയതെന്നും 20 ദിവസം കഴിഞ്ഞ് സര്‍വീസ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ വാഹനത്തിന്റെ ഗ്ലാസുകളില്‍ 2012 എന്ന് എഴുതിക്കണ്ടതെന്നും റിയാസ് പറയുന്നു. വാഹനം മാറ്റിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി വിസമ്മതിച്ചെന്നായിരുന്നു പരാതി.
തുടര്‍ന്ന് ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി ബോധിപ്പിച്ച് അനുകൂലവിധി നേടിയെങ്കിലും എതിര്‍കക്ഷിയായ മാരുതി കമ്പനി സംസ്ഥാന ഉപഭോക്തൃ കമ്മിഷനില്‍നിന്ന് പുനര്‍വിചാരണയ്ക്ക് ഉത്തരവു നേടി. എന്നാല്‍ തുടര്‍വിചാരണ വേളയില്‍ കമ്പനി പ്രതിനിധികള്‍ ഉപഭോക്തൃകമ്മിഷനില്‍ ഹാജരായില്ല.അതിനിടെ പരാതിക്കാരന് 2014-ല്‍ വാങ്ങിയ വാഹനം വിറ്റിരുന്നു. ഇതോടെ 2021 മോഡല്‍ കാര്‍ വാങ്ങുന്നതിനുള്ള തുക കണക്കാക്കി ജില്ലാ ഉപഭോക്തൃ കമ്മിഷന് നഷ്ടപരിഹാരത്തുക വിധിക്കുകയായിരുന്നു.
Content Highlights: four lakh rupees fine imposed for giving old model vehicle