രാജ്യം വീണ്ടും കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. സാമൂഹിക അകലവും നിയന്ത്രണങ്ങളുമൊക്കെ മുമ്പത്തെപ്പോലെ തിരികെയെത്തി. ചിലരാകട്ടെ ഈ കാലം കൂടുതൽ ക്രിയേറ്റീവ് ആകാനും വിനിയോഗിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ രൂപത്തിലുള്ള കേക്കുകളും മധുരപലഹാരങ്ങളുമൊക്കെ പുറത്തു വന്നിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് കൊറോണയുടെ ആകൃതിയിലുള്ള ഒരു വടയാണ്.
മിംപി എന്ന ട്വിറ്റർ പേജിലൂടെയാണ് ഈ കൊറോണ വടയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. അരിയും ഉരുളക്കിഴങ്ങും ഉപയോഗിച്ച് പ്രത്യേക തരം പലഹാരമുണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്. മാവ് തയ്യാറാക്കി ആവശ്യമുള്ള ചേരുവകൾ ഉപയോഗിച്ച് പലഹാരം തയ്യാറാക്കുകയാണ് വീഡിയോയിൽ.
അതിനായി ആദ്യം ആവശ്യത്തിനുള്ള അരിപ്പൊടി എടുക്കുന്നതു കാണാം. ശേഷം ജീരകവും ഉപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് മാവ് തയ്യാറാക്കുന്നു. മാവ് നന്നായി കുഴച്ചതിനു ശേഷം മാറ്റിവെക്കുന്നു. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും കാരറ്റും കാപ്സിക്കവും ഉള്ളിയും ഉടച്ചുവച്ച ഉരുളക്കിഴങ്ങും മല്ലിയിലയുമൊക്കെ ചേർത്ത് മസാലക്കൂട്ടി തയ്യാറാക്കുന്നു. ഇനി നേരത്തേ തയ്യാറാക്കിവച്ച മാവ് ചെറുതായി പരത്തി അതിനുള്ളിൽ മസാല നിറച്ച് ഉരുളകളാക്കി അത് ചോറിൽ മുക്കി ആവിയിൽ വേവിച്ചെടുക്കുന്നു.
Corona vada! Bharat ki naari sab par bhaari! .@arindam75 pic.twitter.com/sf1zoLPih2
— Mimpi🍁 (@mimpful) January 19, 2022
ഉരുളകൾ ചോറിൽ മുക്കിയെടുക്കുന്നതാണ് അവയ്ക്ക് കൊറോണ ആകൃതി നൽകിയത്. നിരവധി പേരാണ് യുവതിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ച് വീഡിയോക്ക് കീഴെ കമന്റ് ചെയ്തത്. കാണാൻ പേടിപ്പിക്കുന്ന രൂപമാണെങ്കിലും രുചി വേറെ ലെവലായിരിക്കും എന്ന് കമന്റു ചെയ്യുന്നവരാണ് ഏറെയും. ജീവിതത്തിൽ കൊറോണ തടസ്സമാവുമ്പോൾ ഇതുപോലെ ക്രിയേറ്റീവ് ആവൂ എന്നു കമന്റ് ചെയ്യുന്നവരുമുണ്ട്.
Content Highlights: woman makes coronavirus-shaped vada, corona food, viral videos