ഹൈലൈറ്റ്:
- മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല
- തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിനു സാധ്യത
- വിശദീകരണവുമായി പ്രിയങ്ക
മത്സരിക്കാൻ സാധ്യതയുണ്ടെങ്കിൽ അറിയിക്കാമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. യുപി തെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കാണേണ്ടതില്ലെന്ന് പ്രിയങ്ക പറഞ്ഞെന്നാണ് ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 മുതൽ യുപിയുടെ ചുമതലയുള്ള എൈസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക.
Also Read: മാറ്റമില്ലാതെ പ്രതിദിന കൊവിഡ് ബാധ; 3,37,704 പുതിയ കേസുകൾ; 10,000 കടന്ന് ഒമിക്രോൺ
ഇന്നലെ കോൺഗ്രസിൻ്റെ യുവാക്കള്‍ക്കുള്ള പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുമ്പോള്‍ പ്രിയങ്ക നൽകിയ മറുപടിയാണ് യുപിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്. യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് “നിങ്ങള്‍ കോൺഗ്രസിൽ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോ” എന്നായിരുന്നു പ്രിയങ്കയുടെ മറുചോദ്യം. ഇതോടെ യുപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇക്കാര്യത്തിലാണ് വെള്ളിയാഴ്ച വൈകിട്ടു തന്നെ പ്രിയങ്ക ഗാന്ധി വ്യക്തത വരുത്തിയത്. ഇക്കാര്യം തന്നെ തുടര്‍ച്ചായി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താൻ ഉരുളയ്ക്ക് ഉപ്പേരി പോലെ തിരിച്ചൊരു ചോദ്യം ചോദിച്ചതാണെന്നും അതിനെ ഇങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Also Read: മൂന്നാം തരംഗം: ദുരിതം നേരിടുന്നവരെ സഹായിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും രംഗത്ത് വരണം: സിപിഎം
താൻ എഐസിസി ജനറൽ സെക്രട്ടറിയാണെന്നും ആ നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പാര്‍ട്ടി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യതയും പ്രിയങ്ക തള്ളിക്കളഞ്ഞു. നിലവിൽ എസ് പി അടക്കമുള്ള പ്രമുഖ പാര്‍ട്ടികളുമായി സഹകരിക്കാതെയാണ് കോൺഗ്രസ് മത്സരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണച്ചേക്കുമെന്നും പ്രിയങ്ക സൂചിപ്പിച്ചു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പരിഗണന നൽകണം എന്ന ഉപാധിയോടെ മറ്റൊരു പാര്‍ട്ടിയുമായി സഹകരിച്ചേക്കുമെന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിൽ യുപിയിലെ 40 ശതമാനം സീറ്റുകളിലും വനിതകളെ സ്ഥാനാര്‍ഥികളായി മത്സരിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
യുപി അടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഫെബ്രുവരി 10 മുതൽ മാർച്ച് 10 വരെയാണ് ഏഴു ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024നു നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിൽ ബിജെപിയ്ക്കും പ്രതിപക്ഷ പാർട്ടികൾക്കും യുപി തെരഞ്ഞെടുപ്പ് നിർണായകമാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം.
Web Title : aicc general secretary priyanka gandhi says she may contest but not cm face in up election 2022
Malayalam News from Samayam Malayalam, TIL Network