കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു. ആകെ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായി എത്തിയ നാലുയാത്രക്കാര്‍ പിടിയിലായത്.
കണ്ണൂര്‍ സ്വദേശിയായ അഫ്താബ് അതിവിദഗ്ധമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കുള്ളിലാണ് 2.99 കിലോ സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണക്കട്ടികള്‍ തിരിച്ചറിയാതിരിക്കാന്‍ വെള്ളി നിറം പൂശുകയും ചെയ്തിരുന്നു. 18 ചതുരക്കട്ടകളാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത അഫ്താബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് പാറക്കടവ് സ്വദേശിയായ അജ്മല്‍ 1,983 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 1334 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പി. നിസാമുദ്ദീന്‍ പിടിയിലായി. 1071 ഗ്രാം സ്വര്‍ണ മിശ്രിതവുമായാണ് കോഴിക്കോട് മുക്കം സ്വദേശിയായ പി മുജീബ് റഹ്മാന് പിടിയിലാകുന്നത്.
55 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. മലപ്പുറം ചേലൂര്‍ സ്വദേശിയില്‍നിന്ന് അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിലാണ് 1340 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുക്കുന്നത്. കരിപ്പുര്‍ വിമാനത്താവളത്തില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
content highlights: gold worth 3.5 crore seized from karipur airport