കൊച്ചി; ‘കോച്ചിങ്ങിന് പോയും സ്വയം പഠിച്ചും കഴിയുന്നത്ര പ്രിപ്പയര്‍ ചെയ്തിരുന്നു. പക്ഷേ, ഭാഗ്യം കൊണ്ട് കൂടിയാണ് പാസാകാന്‍ സാധിച്ചതെന്നേ ഞാന്‍ പറയൂ. ഭര്‍ത്താവ് അനീഷിന്റെ പൂര്‍ണ പിന്തുണയും ഒപ്പമുണ്ടായിരുന്നു,’ അഡ്വ. ചിത്ര കേശവന്റെ വാക്കുകളില്‍ നിറഞ്ഞ സന്തോഷം. കഴിഞ്ഞ ദിവസം ചിത്ര നോര്‍ത്ത് പറവൂരിലെ നമ്പര്‍ 3 മജിസ്ട്രേട്ട് കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി (എ.പി.പി.) നിയമിതയായതോടെ സംസ്ഥാനത്തെ ആദ്യത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ ദമ്പതിമാരായിരിക്കുകയാണ് ചിത്രയും ഭര്‍ത്താവ് അനീഷും.
2015-ലാണ് അഡ്വ. അനീഷ് എം.സി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനാകുന്നത്. പി.എസ്.സി. വഴി ആഭ്യന്തര വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിലേക്കുള്ള സ്ഥിരം നിയമനമാണിത്. അനീഷിനു പിന്നാലെ ഭാര്യ ചിത്രയും ഇതേ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രയും ടെസ്റ്റ് പാസായി ജൂണ്‍ 16ന് നിയമനം നേടിയതോടെ അപൂര്‍വ നേട്ടത്തിനും ഇവര്‍ ഉടമകളായി.
‘അനീഷ് എ.പി.പി. ആയത് തീര്‍ച്ചയായും പ്രചോദനമായിരുന്നു,’ ചിത്ര പറയുന്നു. ‘പക്ഷേ, കിട്ടുമെന്ന വലിയ പ്രതീക്ഷയൊന്നും വെച്ചിരുന്നില്ല. കാരണം, നല്ല കഴിവുള്ള പലര്‍ക്കും കിട്ടാതെ പോകുന്നത് കണ്ടിട്ടുണ്ട്. മാത്രമല്ല 7-8 വര്‍ഷത്തില്‍ ഒരിക്കലൊക്കെയാണ് എ.പി.പി. നിയമനത്തിനായി നോട്ടിഫിക്കേഷനൊക്കെ വരിക. പഠിത്തം പൂര്‍ത്തിയാക്കി പ്രായപരിധി കഴിയും മുമ്പേ നോട്ടിഫിക്കേഷന്‍ വരേണ്ടതുമുണ്ട്. അതുകൊണ്ടാണ് ഇതൊരു ഭാഗ്യമാണെന്ന് ഞാനാദ്യമേ പറഞ്ഞത്. പിന്നെ മറ്റെല്ലാത്തിനുമപ്പുറം സ്റ്റേറ്റിനെ സേവിക്കാന്‍ അവസരം കിട്ടുന്നു എന്നതാണ് ഏറ്റവും പ്രധാനം’ -ചിത്ര വ്യക്തമാക്കി.
ഭാര്യ പറഞ്ഞതിനോട് ഒബ്ജെക്ഷനില്ലെന്ന് അനീഷും വ്യക്തമാക്കുന്നു. ‘ഗവണ്മെന്റ് സ്കൂളിലും കോളേജിലുമൊക്കെയാണ് ഞാന്‍ പഠിച്ചത്. അഡ്വക്കേറ്റെന്ന നിലയില്‍ സ്റ്റേറ്റിനെ സേവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് എ.പി.പിയാവാന്‍ തീരുമാനിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ പോലെ സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ മാറുന്ന താല്‍ക്കാലിക നിയമനമല്ല ഇത്. അതിനാല്‍ തന്നെ എ.പി.പിമാര്‍ക്ക് സ്റ്റേറ്റിനോടായിരിക്കും കൂറ്.’
‘പി.എസ്.സി. വഴി കഴിവ് തെളിയിച്ച് സര്‍ക്കാര്‍ പരിശീലനം ലഭിച്ച് നിയമിതരാകുന്ന എ.പി.പിമാരെ പക്ഷേ ശരിയായി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. നിലവില്‍ മജിസ്ട്രേട്ട് കോടതികളില്‍ മാത്രമാണ് എ.പി.പിമാര്‍ക്ക് നിയമനമുള്ളത്. പ്രമോഷന് കിട്ടിയാല്‍ പോലും മേല്‍ക്കോടതികളില്‍ വാദിക്കാനാകില്ല. അവിടെ ഭരിക്കുന്ന പാര്‍ട്ടികള്‍ തങ്ങള്‍ക്ക് അടുപ്പമുള്ളവരെ, അനുഭവപരിചയമോ യോഗ്യതയോ പരിഗണിക്കാതെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുന്നു. ഇതോടെ കോടതിയിലെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് അര്‍ഹമായ നീതി നിഷേധിക്കപ്പെടുക കൂടിയാണ്. കേരളം, ത്രിപുര, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമേ പെര്‍മനന്റ് പ്രോസിക്യൂഷന് സിസ്റ്റം ഇല്ലാതെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍, രാഷ്ട്രീയാഭിമുഖ്യം വച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിയ്ക്കുന്ന സംവിധാനമുള്ളൂ..’ അനീഷ് എ.പി.പിമാര്‍ അനുഭവിക്കുന്ന അനീതിയെ കുറിച്ച് കൂടി വിശദമാക്കി.
കൊച്ചി നമ്പര്‍ 2 മജിസ്ട്രേട്ട് കോടതിയിലെ എ.പി.പിയാണ് അനീഷ്. നെടുമ്പാശ്ശേരിയിലാണ് അനീഷും ചിത്രയും താമസിക്കുന്നത്. ഏകമകന് ഗൗതം കൃഷ്ണ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
content highlights: aneesh and chitra- kerala’s first public prosecutor couple