തിരുവനന്തപുരം: ലോകയുക്ത വിഷയത്തില്‍ മുന്‍ മന്ത്രി കെടി ജലീലിന്റെ അഭിപ്രായങ്ങള്‍ തള്ളി സിപിഎം. ജലീലിന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും ലോകായുക്തയ്ക്കെതിരേ ഒരു ഘട്ടത്തിലും സിപിഎം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് വ്യക്തമാക്കി.
അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്. അത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ഇടതു പാര്‍ട്ടികളും മറ്റു പാര്‍ട്ടികളും വ്യക്തികളും ഉള്‍പ്പെട്ട മുന്നണിയാണ് എല്‍ഡിഎഫ്. അതില്‍ ചിലര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചേക്കാം. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. ജലീല്‍ സിപിഎം അംഗമല്ല. സ്വതന്ത്രനാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ടാണ് അവര്‍ സ്വതന്ത്രരായി നില്‍ക്കുന്നത്. കോടിയേരി വ്യക്തമാക്കുന്നു.
ലോകായുക്താ ഭേദഗതി ഓര്‍ഡിനന്‍സില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയില്‍ ഇല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഓര്‍ഡിനന്‍സിനെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തപ്പോള്‍ ഒരു ഘടകകക്ഷിയും എതിര്‍ത്തിരുന്നില്ല. ഗവര്‍ണറും സര്‍ക്കാരുമായി ഒരു തര്‍ക്കവുമില്ല. നിയമസഭാ സമ്മേളനം നിശ്ചയിക്കാത്തത് ഗവര്‍ണറുടെ തീരുമാനം വൈകുന്നതു കൊണ്ടല്ല, കോവിഡ് വ്യാപിക്കുന്നതു കൊണ്ടാണെന്നും കോടിയേരി വ്യക്തമാക്കി.
Content Highlights: cpm rejects kt jaleels comments on Lokayukta