മോശം കാലാവസ്ഥ ഫൈനൽ മത്സരത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ പ്രതികരണം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോലെ വളരെ പ്രാധാന്യമുള്ള ഒറ്റയായ മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്തരുതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. മോശം കാലാവസ്ഥ ഫൈനൽ മത്സരത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ പ്രതികരണം. ശരാശരി 360 ഓവറുകൾ കളിക്കേണ്ടിടത്ത് 140 ന് അടുത്ത് ഓവറുകൾ മാത്രമാണ് നാല് ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഫൈനലിൽ കളിച്ചിരിക്കുന്നത്.
“ഇത് പറയുന്നതിൽ വളരെ വേദനയുണ്ട്, പക്ഷേ ഇത്തരത്തിൽ വളരെ പ്രാധാന്യമുള്ള ഒറ്റയായ മത്സരങ്ങൾ യുകെയിൽ കളിക്കാൻ പാടില്ല.” പ്രഥമ ഫൈനലിന് സതാംപ്ടണിലെ ഹാംപ്ഷെയർ ബൗൾ ഐസിസി തിരഞ്ഞെടുത്തതിനെതിരെ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.
ഫൈനൽ പോലെ ഇത്തരം പ്രധാനപ്പെട്ട മത്സരങ്ങൾ ദുബായ് പോലെ കാലാവസ്ഥാ പ്രശ്നങ്ങൾ അധികം ഉണ്ടാവാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ നടത്തണമെന്നാണ് പീറ്റേഴ്സണിന്റെ പക്ഷം.
Read Also: WTC Final: വീണ്ടും മഴയുടെ കളി; നാലാം ദിനവും ഉപേക്ഷിച്ചു
“ഞാനായിരുന്നെങ്കിൽ, ഡബ്ള്യുടിസി ഫൈനൽ പോലെ ഒറ്റയായ മത്സരത്തിന് ദുബായ് വേദിയായി തിരഞ്ഞെടുത്തേനേ. ന്യൂട്രൽ വേദി, അതിശയകരമായ സ്റ്റേഡിയം, ഉറപ്പുള്ള കാലാവസ്ഥ, മികച്ച പരിശീലന സൗകര്യങ്ങൾ, ഒരു ടൂറിസ്റ്റ് കേന്ദ്രം! സ്റ്റേഡിയത്തിന് അടുത്താണ് ഐസിസി ഓഫീസും” പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് കുറച്ചു തമാശ രൂപേണയാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെയോ ഐസിസിയുടെയോ ടൈമിംങ് ശരിയായില്ല” എന്നാണ് സെവാഗ് കുറിച്ചത്.