ചടയമംഗലം : വിവാഹവാര്‍ഷികം ആഘോഷമായി നടത്തിയ നിലമേല്‍ കൈതോട് സ്വദേശിയായ വിസ്മയ ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യചെയ്യേണ്ടിവന്നതിന്റെ നടുക്കത്തിലാണ് ബന്ധുക്കള്‍. കഴിഞ്ഞവര്‍ഷം മേയ് 31-നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മേയ് മാസം വിവാഹവാര്‍ഷികം ആഘോഷമായി നടത്തിയതായി വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
ജനുവരിവരെയും അധിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മകള്‍ക്കുകൊടുത്ത കാറിനെച്ചൊല്ലി ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടായി. കാര്‍ വിറ്റ് പണംവേണമെന്ന് കിരണ്‍ ആവശ്യപ്പെട്ടു. പതിനൊന്നരലക്ഷം രൂപയുടെ കാര്‍ മോശമാണെന്നും കാറിന്റെ പണം കൊടുക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം മകളോട് വഴക്കുണ്ടാക്കുമായിരുന്നു. ക്രൂരമായി മര്‍ദിച്ചു. സ്ത്രീധനത്തെച്ചൊല്ലിയും ഉപദ്രവിക്കുമായിരുന്നു. ഏറ്റവുമൊടുവില്‍ പന്തളത്ത് മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ പരീക്ഷയ്ക്ക് പോയപ്പോഴാണ് മകളെ കിരണ്‍ കൂട്ടിക്കൊണ്ടുപോയതെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
വിസ്മയയുടെ സഹോദരനും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ വിജിത്തുമായും മുന്‍പ് കിരണ്‍ വഴക്കുണ്ടാക്കി. നാലുമാസംമുന്പുനടന്ന വിജിത്തിന്റെ വിവാഹത്തില്‍ കിരണ്‍ പങ്കെടുത്തില്ല. മകള്‍ക്ക് ബിരുദാനന്തര ബിരുദത്തിന് പഠിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഒന്നും പൂര്‍ത്തിയാക്കാനായില്ല-ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. നിലമേല്‍ കൈതോട്ടുള്ള വിസ്മയയുടെ വീട്ടില്‍വെച്ചും കിരണ്‍ പലവട്ടം വഴക്കിട്ടതായി ബന്ധുക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പോലീസ് കേസുവരെയുണ്ടായി. പിന്നീടാണ് കൈതോട്ട് വരാതായത്.
ത്രിവിക്രമന്‍ നായര്‍ 26 കൊല്ലം ഗള്‍ഫില്‍ സൂപ്പര്‍വൈസറായിരുന്നു.