സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്
ജര്‍മനിയിലെ തന്റെ ബിസിനസില്‍ പങ്കാളിയാകാന്‍ സ്വപ്നയെയും ക്ഷണിച്ചിരുന്നു
കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങള്‍ കസ്റ്റംസ് നോട്ടീസിനൊപ്പം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്.
റിപ്പോര്‍ട്ടിലുള്ള ആദ്യ ചാറ്റ് തുടങ്ങുന്നത് 2019 ഡിസംബര്‍ ഒന്നിനാണ്. ആദ്യ ചരക്കില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന് ചാറ്റില്‍ സരിത്ത് പറയുന്നു. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ് ഇവരുടെ ചാറ്റില്‍ നടന്നത്. ബാഗേജിന്റെ ഭാരം സംബന്ധിച്ച് ഒരു ചാറ്റില്‍ ആശങ്ക പ്രകടിപ്പിച്ച സരിത്തിന് റമീസ് ധൈര്യം പകരുന്നുണ്ട്. ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഗമമായി കടത്താമെന്നാണ് റമീസ് പറയുന്നത്. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജില്‍ നയതന്ത്ര കാര്‍ഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കര്‍ശനമായി പറയുന്നു.
ബാഗേജ് സ്വീകരിക്കുന്ന കോണ്‍സല്‍ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നല്‍കണമെന്നും നിര്‍ദേശിക്കുന്നു. 2019 ഡിസംബര്‍ 19-ന് നടത്തിയ ചാറ്റില്‍ സ്വര്‍ണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23-ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ചാറ്റ് അവസാനിപ്പിക്കുന്നത്. ചാറ്റിന് പുറമേ വോയ്സ് സന്ദേശങ്ങളും കുറ്റപത്രത്തിന് സമാനമായ കാരണം കാണിക്കല്‍ നോട്ടീസില്‍ കസ്റ്റംസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
166 കിലോ സ്വര്‍ണം കടത്താന്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും കൂട്ട്നിന്നു
സ്വര്‍ണം കടത്താന്‍ യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും നടത്തിയ കുടില നീക്കങ്ങളാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ വെളിപ്പെടുത്തുന്നത്. അഞ്ചു മാസത്തിനിടെ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന് അല്‍സാബി 95 കിലോ സ്വര്‍ണവും അറ്റാഷെ രണ്ടു മാസത്തിനിടെ 71 കിലോ സ്വര്‍ണവും കടത്താന്‍ കൂട്ട് നിന്നു. സ്വര്‍ണം കടത്തുന്നതിന് വേണ്ടി സരിത്തിന് സ്വന്തം പാസ്പോര്‍ട്ടിന്റേയും വിസയുടേയും പകര്‍പ്പ് വരെ ഇവര്‍ നല്‍കിയതായും നോട്ടീസിലുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളില്‍ പതിപ്പിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ പ്ലാസ്റ്റിക് ലോഗോയും കൈമാറി. തന്റെ വ്യാജ ഒപ്പ് സരിത്ത് ഉപയോഗിക്കുന്നുണ്ടെന്ന് കോണ്‍സുല്‍ ജനറലിന് അറിയാമായിരുന്നു.
ഒരു ചരക്കിന് ആയിരം യുഎസ് ഡോളറാണ് ജമാല്‍ ഹുസൈന് കൈപ്പറ്റിയത്. എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ തന്റെ പേര് പറയരുതെന്നും യുഎഇയില്‍ ജോലി ഉറപ്പാക്കാമെന്നും ഇയാള്‍ വാഗ്ദ്ധാനം നല്‍കിയതായി പ്രതികളുടെ മൊഴിയുണ്ടെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
2019 നവംബര്‍ 15 മുതല്‍ 2020 മാര്‍ച്ച് നാലുവരെയുള്ള കാലത്താണ് 18 തവണകളായി അല്‍സാബിയുടെ സഹായത്തോടെ നയതന്ത്ര ബാഗേജ് വഴി യു.എ.ഇ.യില്നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയത്.
ദുബായില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ നിര്മാണച്ചെലവിനായും ജര്‍മനിയിലെ തന്റെ ബിസിനസിനായും അല്‍സാബിക്ക് പണം ആവശ്യമായിരുന്നു. സ്വര്‍ണം കടത്തിയതിലൂടെ സമ്പാദിച്ച പണം വീടുനിര്‍മാണത്തിനും ബിസിനസിനും ഉപയോഗിച്ചതായാണു കരുതുന്നത്. ജര്‍മനിയിലെ തന്റെ ബിസിനസില്‍ പങ്കാളിയാകാന്‍ സ്വപ്നയെയും അല്‍സാബി ക്ഷണിച്ചിരുന്നു. 2020 ഏപ്രില്‍ രണ്ടിനാണ് അല്‍സാബി യു.എ.ഇ.യിലേക്കു തിരിച്ചുപോയത്.
ഏത് വിധേനയും പെട്ടെന്ന് പണമുണ്ടാക്കണമെന്നുള്ള അത്യാര്‍ത്തിയുള്ള ആളായിരുന്നു അറ്റാഷെ റാഷിദ് ഖാമിസ്. 1500 യുഎസ് ഡോളറാണ് ഒരു കടത്തിന് അറ്റാഷെ ആവശ്യപ്പെട്ടതെന്നാണ് സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്തിന് ആവശ്യമായ എല്ലാ രേഖകളിലും ഒപ്പുവെച്ചിരുന്നത് റാഷിദ് ഖാമിസ് തന്നെയായിരുന്നു. രണ്ടുമാസത്തിനിടെ മാത്രം 71.74 കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെ കൂട്ട് നിന്നുവെന്നും കസ്റ്റംസ് കണ്ടെത്തി.