കിരണിന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് കൂട്ടുകാരി ഇന്നലെ അറിയിച്ചു.
മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷമൊന്നുമില്ല
കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും ത്രിവിക്രമന്‍ പറഞ്ഞു.
ഫാദേഴ്സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസറിയിക്കാന്‍ തുനിഞ്ഞതാണ് കിരണും വിസ്മയയും തമ്മിലുള്ള അവസാന തര്‍ക്കത്തിന് കാരണം. തന്നെ വിളിക്കാന്‍ ഫോണെടുത്തപ്പോള്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. സിം പോലും പൊട്ടിച്ചെറിഞ്ഞുവെന്നും ത്രിവിക്രമന്‍ പറഞ്ഞു.
‘ഞാന്‍ കൊടുത്ത വണ്ടി വിറ്റ് പണം നല്‍കുക എന്നതായിരുന്നു അവന്റെ വലിയ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല. കൊള്ളത്തില്ല. ആ വണ്ടി എനിക്ക് വേണ്ട, വേറെ വേണം എന്ന് പറഞ്ഞു. ഞാന്‍ സിസി ഇട്ട് എടുത്ത വണ്ടിയായതിനാല്‍ ഇപ്പോള്‍ വില്ക്കാന് പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് അത് വിറ്റ് പണം നല്കാന് സാധിക്കാഞ്ഞത്. മറ്റുള്ളവര്‍ക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള ശിക്ഷ അവന് കിട്ടണം’ ത്രിവിക്രമന്‍ പറഞ്ഞു.
‘മകള്‍ വീട്ടിലായിരുന്ന സമയത്ത് തര്‍ക്കം തീര്‍ക്കുന്നതിന് ഫെബ്രുവരി 25-ന് ഒരു ചര്‍ച്ച വെച്ചതായിരുന്നു. ഇതിനിടെയാണ് 20-ാം തിയതി പരീക്ഷ കഴിഞ്ഞ ശേഷം അവളെ അവന് വിളിച്ചുകൊണ്ട് പോയത്. ചര്‍ച്ചയില്‍ അവനെ വേണ്ടെന്ന് തീരുമാനമെടുക്കുമെന്ന് അവള്‍ക്കറിയാം. അതുകൊണ്ടാണ് അവന് വിളിച്ചപ്പോള്‍ അവള് പോയത്. പിന്നീട് ഞാന്‍ വിളിച്ചിട്ടില്ല. അമ്മയെ ഫോണില്‍ വിളിക്കാറുണ്ട്. അവന് ജോലിക്ക് പോകുന്ന സമയത്താകും ഈ വിളി.
അവളെ മര്‍ദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ട്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മര്‍ദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോള്‍ നിന്റെ അമ്മ അടിച്ച പോലെ കണ്ടാല്‍ മതിയെന്നാണ് പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞു.
അവളുടെ മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷമൊന്നുമില്ല. അവള് നഖത്തിന് നല്ല നീളമുണ്ട്. തൂങ്ങി മരിക്കുന്ന ഘട്ടത്തില്‍ എവിടെയെങ്കിലും ഇത് മൂലം പോറലേല്പ്പിക്കേണ്ടതാണ്. അതേ സമയം തന്നെ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ ഉള്ളതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് ഞങ്ങള്‍ക്ക് നല്ല സംശയമുണ്ട്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവന് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തില്‍ രക്തിമല്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം.
ഒരു പേപ്പറും കൂടി എഴുതിയെടുക്കാനുണ്ട്. എന്നാല്‍ അതെഴുതാന്‍ അവന് വിട്ടിരുന്നില്ല. തലേ ദിവസം അമ്മയെ വിളിച്ച് 1000 രൂപ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതുന്നതിന് വേണ്ടിയാണെന്നാണ് പറഞ്ഞത്’ വിസ്മയയുടെ പിതാവ് പറഞ്ഞു.
എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമന്‍ വിങ്ങിപൊട്ടികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.