കൊച്ചി: കൊച്ചി നഗരസഭക്ക് കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. വന്‍കിട കെട്ടിട ഉടമകളുടെ വസ്തു നികുതി പിരിക്കാതെ ആറ് കോടിയിലധികം രൂപയുടെ നഷ്ടം വരുത്തി. ഇ- ഗവേണന്‍സ് പദ്ധതി സമ്പൂര്‍ണ പരാജയമായി മാറിയെന്നും ഫോര്‍ട്ട് കൊച്ചിയിലെ റോറോ സര്‍വീസിന്റെ കാര്യത്തിലും ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചതില്‍ നിന്ന് ഫീസ് പരിച്ചതിലും വലിയ നഷ്ടം സംഭവിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കിന്നത്. യുഡിഎഫ് ആയിരുന്നു ആ സമയത്ത് കൊച്ചി കോര്പറേഷന് ഭരിച്ചിരുന്നത്. കോര്‍പറേഷന്റെ തനത് വരുമാനം വര്‍ധിപ്പിക്കുകയാണ് പ്രധാന ദൗത്യം എന്നിരിക്കെ പിരിഞ്ഞുകിട്ടാനുള്ള പണം പോലും പിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു ഭരണസംവിധാനമായി മാറി. അതോടൊപ്പം ഉദ്യോഗസ്ഥ-ഭരണതലത്തിലെ കെടുകാര്യസ്ഥത മൂലം കോര്പറേഷന് വലിയ നഷ്ടം സംഭവിക്കുകയും അഴിമതി നടക്കുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇ- ഗവേണന്‍സ് പദ്ധതി സമ്പൂര്‍ണ പരാജയമായി മാറി എന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. ഏതാണ്ട് അഞ്ചര കോടി രൂപയാണ് ഇ- ഗവേണന്‍സ് പദ്ധതി നടപ്പാക്കുന്നതിനായി ടിസിഎസിന് നല്‍കിയത്. എന്നാല്‍ അവര്‍ നല്കിയ 20 മൊഡ്യൂളുകളും പ്രവര്‍ത്തനക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചാണ് വെബ്സൈറ്റ് അടക്കം രൂപകല്പന ചെയ്തത്. എന്നാല്‍ കൊച്ചി കോര്പറേഷന് അത് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനവുമായി മുന്നോട്ട് പോകുമ്പോള്‍, കൊച്ചി കോര്‍പറേഷനില്‍ ഇത് ഇപ്പോഴും പരിമിതമാണെന്നാണ് പ്രധാന വസ്തുത. ഇതില്‍ 5.5 കോടിയുടെ നഷ്ടമാണ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
അതോടൊപ്പം വെല്ലിങ്ടണ്‍ ഐലന്റിലെ കെട്ടിടങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടേയും കെട്ടിടനികുതി പിരിച്ചെടുക്കുന്നതില്‍ കൃത്യതയില്ലാത്തത് മൂലം കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ റോറോ സര്‍വീസില്‍ കെഎസ്ഐഎന്‍സിയുടെ കണക്കുകള്‍ അതേപടി അംഗീകരിച്ചു. അതില്‍ 57 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചതില്‍ ഒറ്റത്തവണ ഫീസ് ഈടാക്കാത്തതില്‍ ഏതാണ്ട് 31 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights : Audit report of Kochi corporation shows huge loss of almost 6 crores in Tax Collection