Sumayya P | Samayam Malayalam | Updated: 22 Jun 2021, 09:33:02 AM
എയര്‍ ഇന്ത്യ എക്പ്രസ്, സ്പൈസ്ജെറ്റ്, ഗോ എയര്‍, ഫ്ളൈ ദുബായ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ജൂണ്‍ 23 മുതല്‍ ഇന്ത്യ-ദുബായ് സര്‍വീസ് പുനരാരംഭിക്കും.
ഇന്ത്യന്‍ വാക്സിന് സ്വീകാര്യമെന്ന് ദുബായ്
സിനോഫോം, സ്പുട്നിക് വി, ഫൈസര്‍ ബയോണ്‍ടെക്ക് എന്നീ നാലു വാക്സിനുകള്‍ക്കാണ് യുഎഇയില്‍ അംഗീകാരമുള്ളത്. അതിനാല്‍ ഇവയില്‍ ഏതെങ്കിലുമൊരു വാക്സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്ക് മാത്രമേ ദുബായിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ ഇന്ത്യയിലാവട്ടെ ഈ നാലു വാക്സിനും വിതരണം ചെയ്യുന്നില്ല. ഇന്ത്യയില്‍ നല്കുന്ന കൊവിഷീല്‍ഡ് വാക്സിന് ആസ്ട്രാസെനക്കയുടെ ഓക്സ്ഫോഡ് വാക്സിന് തുല്യമാണെങ്കിലും ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക അറിയിപ്പ് ദുബായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രവാസികളിലൊരാള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയെ സംശയ നിവാരണത്തിനായി സമീപിച്ചത്. ആസ്ട്രാ സെനക്കയുമായി സഹകരിച്ചാണ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊവിഷീല്‍ഡ് വാക്സിന് നിര്‍മിക്കുന്നതെന്നും ഇതിന് യുഎഇയുടെ അംഗീകാരമുണ്ടോ എന്നുമായിരുന്നു ട്വിറ്ററിലൂടെ ഉന്നയിച്ച ചോദ്യം. യുഎഇയില്‍ വിതരണം ചെയ്യുന്ന ഓക്സ്ഫോഡ് ആസ്ട്രാസെനക്കയും ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡും തുല്യമാണ് എന്നായിരുന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മറുപടി. ഇതോടെ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക ഉറപ്പ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പ്രവാസികള്‍. നേരത്തേ ഖത്തറിലും സൗദിയിലും കൊവിഷീല്‍ഡ് വാക്സിന് അംഗീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് നാളെ മുതല്‍ ദുബായിലേക്ക് തിരിക്കാന്‍ തടസ്സമുണ്ടാവില്ല.
മറ്റ് നിബന്ധനകള്‍ എന്തെല്ലാം?
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജൂണ്‍ 23 മുതല്‍ യാത്രാനുമതി നല്കാന് കഴിഞ്ഞ ദിവസമാണ് ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രിം കമ്മിറ്റി തീരുമാനമെടുത്തത്. ദുബായില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചുവര്‍ക്കുമായിരിക്കും യാത്രമാനുമതി ലഭിക്കുക. അതായത് വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ ഉള്ളവര്‍ക്ക് ഇതുപ്രകാരം യാത്രാനുമതി ഉണ്ടാവില്ല. അതോടൊപ്പം യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് എടുത്ത പിസിആര്‍ പരിശോധനയുടെ ക്യൂആര്‍ കോഡ് സഹിതമുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. ഇതിനു പുറമെ, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് ബാധയില്ലെന്ന് തെളിയിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് വീണ്ടും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാവണം. ഇതിന്റെ ഫലം വരുന്നത് വരെ സ്ഥാപന ക്വാറന്റൈനില്‍ കഴിയണമെന്നും നിബന്ധനകളില്‍ പറയുന്നു. 24 മണിക്കൂറിനകം ഇതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാപ്പിഡ് ടെസ്റ്റ്, ക്വാറന്റൈന് നിബന്ധനകളില്‍ യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇളവുണ്ട്.
യാത്രയ്ക്കൊരുങ്ങി വിമാന കമ്പനികള്‍
എയര്‍ ഇന്ത്യ എക്പ്രസ്, സ്പൈസ്ജെറ്റ്, ഗോ എയര്‍, ഫ്ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ജൂണ്‍ 23 മുതല്‍ ഇന്ത്യ-ദുബായ് സര്‍വീസ് പുനരാരംഭിക്കും. ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു. യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍ കഴിഞ്ഞ ദീവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് 800 മുതല്‍ 1000 ദിര്‍ഹം വരെയാണ് (16000 മുതല്‍ 20000 രൂപ വരെ) നിലവില്‍ ദുബായിലേക്ക് ടിക്കറ്റ് നിരക്ക്. ജൂണ്‍ 24ന്റെ കൊച്ചി-ദുബായ് വിമാനത്തിന് 855 ദിര്‍ഹവും ജൂണ്‍ 25ന്റെ കോഴിക്കോട്-ദുബായ് വിമാനത്തിന് 879 ദിര്‍ഹവുമാണ് നിരക്ക്. അതേസമയം, യാത്രാ നിബന്ധനകളില്‍ അവ്യക്തത തുടരുന്നതിനാല്‍ യാത്രക്കാര്‍ ടിക്കറ്റ് എടുക്കാന്‍ മടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്ര തിരിക്കുന്നതിന് നാലു മണിക്കൂര്‍ മുമ്പുള്ള റാപിഡ് പിസിആര്‍ ടെസ്റ്റിനെ കുറിച്ചുള്ള അവ്യക്തതയാണ് ഇതില്‍ പ്രധാനം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : uae revised travel protocol huge relief for expatriates stranded in kerala
Malayalam News from malayalam.samayam.com, TIL Network