വണ്ണം വെച്ചിരിക്കുന്നതിനേക്കാൾ ഒതുങ്ങിയ ശരീരമാണ് പലരുടെയും സ്വപ്നം. ശരീര സൗന്ദര്യം എന്നതിലുപരി ആരോഗ്യത്തിനും അമിതവണ്ണം ഇല്ലാതിരിക്കുകയാണ് നല്ലത്. വയറിലെ കൊഴുപ്പ് എങ്ങനെ കളയാം എന്ന് പരിശോധിക്കാം.
കുടവയർ കുറയ്ക്കണമെങ്കിൽ വേണം ഈ 5 ശീലങ്ങൾ
ഹൈലൈറ്റ്:
- ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്
- കുടവയറിലെ കൊഴുപ്പ് കളയാൻ സഹായിക്കുന്ന 5 വഴികൾ
കൃത്യമായി വ്യായാമം ചെയ്താലും അമിതമായി കൊഴുപ്പടിഞ്ഞ ശരീര ഭാഗങ്ങൾ പെട്ടെന്നൊന്നും അങ്ങനെ ഒതുങ്ങി തരില്ല. പ്രത്യേകിച്ച് ഇടുപ്പ്, വയർ, തുടകൾ എന്നിവയ്ക്ക് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതശൈലി കൃത്യമായി പിന്തുടരേണ്ടത് ആവശ്യമാണ്. പോഷകങ്ങളടങ്ങിയ ആഹാരം, ആവശ്യത്തിന് ജലാംശം, കൃത്യമായ വ്യായാമം, കൃത്യ സമയത്ത് ഭക്ഷണം എന്നിവ ക്രമീകരിക്കുകയാണ് അമിത വണ്ണം ഒഴിവാക്കാനുള്ള ആദ്യ വഴി. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും, കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിത താല്പര്യം ഒഴിവാക്കുകയും വേണം.
പഞ്ചസാര വേണോ?
നല്ല തുടക്കങ്ങൾക്ക് മധുരം കഴിക്കണം എന്നാണ് പറയുന്നത്. എന്നാൽ അമിതമായി മധുരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ വലിയ രോഗിയാക്കും. പഞ്ചസാരയിൽ ശരീരത്തിന് വേണ്ട പോഷകങ്ങൾ ഒന്നുംതന്നെയില്ല. കൂടാതെ ശരീരത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കാൻ ഇതിന് കഴിയും. രക്ത ചംക്രമണത്തെ തടസപ്പെടുത്തുകയും പാൻക്രിയാസിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും.
അതുകൊണ്ട് വയറിലെ കൊഴുപ്പ് നീക്കം ചെയ്യാൻ പഞ്ചസാരയുടെയും പഞ്ചസാര അടങ്ങിയ മറ്റ് ഭക്ഷണ സാധനങ്ങളും പൂർണമായും ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണം
ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. വിശപ്പില്ലെങ്കിൽ പോലും എന്തെങ്കിലുമൊക്കെ കൊറിച്ച് കൊണ്ടിരിക്കണം. ഈ ശീലം പൂർണ്ണമായും മാറ്റണം. സ്നാക്സ് നെ മറന്നുകൊണ്ട്, കലോറി കുറഞ്ഞതും ആരോഗ്യപ്രദവുമായ പഴങ്ങളോ പച്ചക്കറികളോ കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, ചെറു സൂപ്പുകളോ പയർ വർഗ്ഗങ്ങൾ മുളപ്പിച്ചതോ മൈക്രോഗ്രീൻ ഇലകളോ ഇടനേരത്തെ വിശപ്പകറ്റാനായി കഴിക്കാവുന്നതാണ്. ഇവയിൽ പോഷകം കൂടുതലും കലോറി കുറവുമായതിനാൽ നിങ്ങൾക്ക് ദോഷകരമായതൊന്നും സംഭവിക്കില്ല.
ഉലുവ കുതിർത്ത് കഴിച്ചാൽ നിരവധി ഗുണങ്ങൾ
ഔഷധ ചായകൾ
ലെമൺ ഗ്രാസ് ടീ അല്ലെങ്കിൽ ഗ്രീൻ ടീ എന്നിങ്ങനെയുള്ളവ ആന്റിഓക്സിഡന്റുകൾ നിറഞ്ഞതാണ്. സാധാരണ ചായയ്ക്കും കാപ്പിയ്ക്കും പകരമായി ഇവ ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുക, ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യപരമായ ഗുണങ്ങൾ ഇവയ്ക്കുണ്ട്. കുടൽ, കരൾ, വൃക്ക എന്നിവയിൽ ഭക്ഷണ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ഇവ സഹായിക്കുന്നു. ഇങ്ങനെ വിഷാംശവും കൊഴുപ്പും നീക്കം ചെയ്യുന്നത് വഴി ശരീര ഭാരം നിയന്ത്രിച്ച് നിർത്താനും സാധിക്കും.
ഭക്ഷണം ദഹിക്കാൻ സമയം നൽകുക
ദഹന പ്രക്രിയയ്ക്ക് ആവശ്യമായ സമയം നൽകണം. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും മുൻപ് കഴിച്ച ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ഉറപ്പാക്കണം. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അത്താഴം കഴിച്ച ഉടനെ ഉറങ്ങാൻ പോകുന്ന പതിവ് പല ആളുകൾക്കുമുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മാത്രമല്ല, ഭാരം കൂടുന്നതിനും കാരണമാകും. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. ഭക്ഷണത്തിന്റെ മുഴുവൻ അംശവും ദഹിച്ചെങ്കിൽ മാത്രമേ ഉറങ്ങാൻ പോകാവൂ. രാത്രി ഭക്ഷണം കഴിവതും 8 മണിക്ക് മുൻപ് തന്നെ കഴിക്കാനായി ശ്രദ്ധിക്കണം. അതിന് ശേഷവും വിശക്കുകയാണെങ്കിൽ പഴങ്ങളോ വേവിക്കാത്ത പച്ചക്കറികളോ മാത്രം കഴിക്കാം.
ധാരാളം പഴങ്ങൾ കഴിക്കുക
വിറ്റാമിൻ C അടങ്ങിയ പഴങ്ങൾ നിങ്ങളുടെ അമിത കലോറിയെ എരിച്ചു കളയും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങി വിറ്റാമിൻ C അടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി, ചർമ്മത്തിന്റെയും മുടിയുടെ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കും. കൂടാതെ ശരിയായ രീതിയിൽ രക്തചംക്രമണം നിയന്ത്രിക്കുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗപ്രദമായ ആന്റിഓക്സിഡന്റുകളുടെ ഉത്പാദനം വർധിക്കുകയും ചെയ്യും.
രാവിലെ വെറുംവയറ്റിൽ കുടിക്കാൻ ഒരു ഡ്രിങ്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 5 easy tips to lose belly fat
Malayalam News from Samayam Malayalam, TIL Network