തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴയുണ്ടാകുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ കേരളത്തിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തമായി. ഇതിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. അടുത്ത മണിക്കൂറിൽ ഇടവിട്ടുള്ള മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. എന്നാൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് അലർട്ടുകളൊന്നും നൽകിയിട്ടില്ല. രാത്രി സമയത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
കഴിഞ്ഞ മണിക്കൂറുകളിൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്തിരുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ പല സ്ഥലങ്ങളിലും ശക്തമായ ഇടിയോടു കൂടിയുള്ള മഴയായിരുന്നു. നിലവിൽ ജില്ലയിൽ മഴയ്ക്ക് ശമനം ഉണ്ട്. രാത്രി സമയത്ത് മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് പ്രവചനം
മലയോര മേഖലകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് നിർദേദേശം നൽകിയിട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലകളിൽ പ്രത്യേകിച്ച് ശ്രദ്ധ വേണം. നദിക്കരയിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടില്ല. എങ്കിലും കടലിൽ പോകുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: rain alert in south kerala for coming hours