കൊച്ചി: കലൂരില്‍ മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാറിനിന്ന് രണ്ട് പെണ്‍കുട്ടികളെ കലൂര്‍ പള്ളിക്ക് മുമ്പില്‍ ഇറക്കി വിടുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. അപകടം നടന്നതിനു ശേഷമാണ് പെണ്‍കുട്ടികളെ കാറില്‍നിന്ന് യുവാക്കള്‍ ഇറക്കിവിട്ടത്.
യൂണിഫോം ധരിച്ച രണ്ട് വിദ്യാര്‍ഥിനികള്‍ അപകടം ഉണ്ടാക്കിയ കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വിവരം. സംഭവത്തില്‍ തൃപ്പുണിത്തുറ സ്വദേശികളായ ജിത്തു, സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്.
കാറിലുണ്ടായിരുന്ന ജിത്തു, സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ലഹരിക്കടത്തിനും കേസെടുത്താണ് പോലീസ് ആദ്യം അറസ്റ്റു ചെയ്തത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ വിദ്യാര്‍ഥിനികളെ ലഹരി പദാര്‍ത്ഥങ്ങള്‍ നല്കി ലൈംഗിക ചൂഷണത്തിരയാക്കി എന്ന വിവരം ലഭിച്ചു. ഇതോടെയാണ് ഇവര്‍ക്കെതിരെ പോക്സോ കേസും ചുമത്തിയത്.
വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കലൂര്‍ പാവക്കുളം ക്ഷേത്രത്തിന് മുന്നില്‍ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ട് വാഹനങ്ങളിലും ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഇതിനുശേഷം മുന്നോട്ട് പോയ വാഹനം കലൂര്‍ പള്ളിക്കും ദേശാഭിമാനി ജങ്ഷനും ഇടയിലായി നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടികളെ ഇറക്കിയശേഷം റോഡിലെ തിരക്ക് മാറിയതോടെ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ പോലീസിന് ഏല്‍പ്പിച്ചു. മദ്യപിച്ചിട്ടില്ല എന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതോടെ കാറില്‍ പരിശോധന നടത്തി.
പരിശോധനയില്‍ പോലീസ് കാറില്‍ നിന്ന് കഞ്ചാവും ബീഡിയും കണ്ടെടുത്തു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് സിസിടിവികളെ ആശ്രയിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് പെണ്‍കുട്ടികള്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. സ്കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടികള്‍ എന്നതുകൊണ്ട് തന്നെ അന്വേഷണം കുറേക്കൂടി വേഗത്തിലായി. വിദ്യാര്‍ഥിനികളെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കാറില്‍വച്ച് വിദ്യാര്‍ഥിനികള്‍ക്ക് ഇവര്‍ ലഹരി പദാര്‍ത്ഥം നല്‍കിയിരുന്നുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വിവരവും പോലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടരാന്വേഷണമാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ഇവര്‍ നേരത്തെയും ഇത്തരത്തില്‍ ലൈംഗികമായി ഉപദ്രവിക്കുന്നതിനുവേണ്ടി ലഹരി പദാര്‍ത്ഥങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരത്തില്‍ ലഹരി പദാര്‍ത്ഥം വില്‍പ്പന നടത്തിയിട്ടുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് ലഹരി പദാര്‍ത്ഥം നല്കി ലൈംഗിക ചൂഷണം ചെയ്യുന്ന ഒരു റാക്കറ്റ് തന്നെ എറണാകുളം നഗരത്തില്‍ സജീവമായിട്ടുണ്ടെന്നാണ് എ.സി.പി അടക്കമുള്ള പറയുന്നത്. ഇതിലെ കണ്ണികളാണ് ഇവരെന്നും പോലീസ് പറയുന്നു.
Content Highlights: Kaloor accident case – youth booked POCSO case