വാലൻറ്റൈൻസ് ആഴ്ചയിലെ ഏഴാമത്തെ ദിനം, കിസ് ഡേ അഥവാ ചുംബന ദിനം.കണ്ണുകളടച്ച് എല്ലാം മറന്നുകൊണ്ട് നിങ്ങളുടെ ചുണ്ടുകൾ നിങ്ങളുടെ പങ്കാളിയുടെതിനോട് അടുപ്പിക്കേണ്ട ദിനം. ഈ ദിവസം ചുംബനത്തോടൊപ്പം പ്രണയ സന്ദേശങ്ങളും കൈമാറാം.
പ്രണയത്തിന്റെ മഞ്ഞുകണങ്ങളുമായി കിസ് ഡേ
ഹൈലൈറ്റ്:
- വാലന്റൈൻസ് ഡേയ്ക്ക് തൊട്ട് മുമ്പുള്ള ദിവസമാണ് കിസ് ഡേ.
- ഈ ദിവസം പരസ്പരം കൈമാറാൻ ഇതാ ചില പ്രണയ സന്ദേശങ്ങൾ
അനുഭവിച്ചാൽ മാത്രമറിയുന്ന ചുംബനം
പല സംസ്കാരങ്ങളിലും ചുംബനങ്ങൾ പല രീതിയിലാണ്. ചുംബിക്കാൻ പ്രണയം വേണമെന്ന ഒരു നിർബന്ധവും ഇല്ല. ചില രാജ്യങ്ങളിൽ പരസ്പരം ചുംബിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങുക തന്നെ. അതിനാൽ പ്രണയ ചുംബനങ്ങൾ അതിൽ നിന്ന് എത്രയോ വ്യത്യാസപ്പെട്ട് കിടക്കുകയും ചെയ്യുന്നു. ഒരു പ്രണയ ബന്ധം ചുംബനത്തിലൂടെയാണ് പൂത്തു തളിർക്കുകയെന്ന് ഏതോ ഒരു മഹാൻ പറഞ്ഞുവെച്ചിട്ടുണ്ട്. ഒരു ചുംബനം പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി കരുതിവക്കുന്ന അത്രയും സ്നേഹാർദ്രമായ മറ്റൊരു വികാരം ഈ ലോകത്ത് ഇല്ല എന്നുകൂടി അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന, ഒരിക്കലും വിട്ടു കളയാൻ ആഗ്രഹിക്കാത്ത ഒരാളെ ചേർത്തുനിർത്തി അവന്റെ / അവളുടെ കൈകളിൽ, കവിൾത്തടങ്ങളിൽ, ചുണ്ടുകളിൽ ഒരു മൃദു ചുംബനം നൽകുമ്പോൾ ഈ ലോകം നമ്മളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകും. അത് അറിയാത്തവർ അനുഭവിച്ച് അറിയുക തന്നെവേണം. അത്രമേൽ മനോഹരമാണ് ആ അനുഭൂതി.
ചുംബനങ്ങൾ പലവിധം
കാലത്തിനൊപ്പം സഞ്ചരിച്ചിട്ടും ഒരിക്കൽ പോലും പ്രായമാകാത്ത, എപ്പോഴും യൗവനം കൊണ്ടു നടക്കുന്ന ഒന്നുകൂടിയാണ് ചുംബനങ്ങൾ. എല്ലാ കാലത്തുമുണ്ടായിരുന്നു ചുംബനങ്ങൾ, പല രീതിയിൽ, പല രൂപത്തിൽ, പല ഭാവത്തിൽ. ഒന്ന് ചിന്തിച്ചാൽ മനസിലാകും, പണ്ട് കുഞ്ഞായിരിക്കുമ്പോൾ നമ്മൾക്ക് കിട്ടിയിരുന്നു, നമ്മൾ തിരിച്ചു കൊടുത്ത ചുംബനങ്ങൾ വാത്സല്യത്തിന്റേതായിരുന്നു. പിന്നീട് വളർന്ന് യൗവനത്തിലെത്തിയപ്പോൾ അത് പ്രണയത്തിന്റെ ചുംബനങ്ങളായി. സൃഹൃത്തുക്കൾ നൽകുന്ന സ്നേഹ ചുംബനങ്ങൾവേറെയും. മാതാപിതാക്കൾക്ക് നൽകുന്ന ചുംബനങ്ങൾക്ക് മറ്റൊരു മാനമായിരുന്നു. അങ്ങനെ ഓരോ സന്ദർഭങ്ങൾക്കുമനുസരിച്ച് ചുംബനങ്ങളുടെ സ്വഭാവവും മാറും എന്നർഥം.
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാൾക്ക്, സന്തോഷത്തോടെ, എന്നെന്നേക്കുമായി കാത്തു സൂക്ഷിക്കാൻ, വാലന്റൈൻസ് ദിനത്തിലേക്ക് നടന്നടുക്കാൻ, പ്രണയ വാരത്തിന്റെ സൗന്ദര്യമറിയാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നായിരിക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആഘോഷിക്കുന്ന ചുംബന ദിനം. വാലന്റൈൻസ് ദിനത്തിന് തൊട്ടു മുൻപുള്ള ദിവസം തന്നെ ഈ ദിനം തെരഞ്ഞെടുത്തതിൻറെ കാരണവും നിങ്ങൾക്ക് മനസിലായിക്കാണുമല്ലോ.
പേരിൽ നിന്ന് വ്യക്തമാകുന്നതുപോലെ ചുംബന ദിനം ആഴത്തിലുള്ള വികാരങ്ങളും വാത്സല്യവും ചുംബനത്തിന്റെ രൂപത്തിൽ പ്രകടമാക്കുന്നു. ഒരു പ്രത്യേക വ്യക്തിക്ക് നൽകുന്ന റൊമാന്റിക് ചുംബനം അവരെ സ്നേഹത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടു പോവുകയും ചെയ്യും. ഈ ദിനം പ്രധാനമായും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും തന്നെയാണ്. ഒരു ചുംബനത്തിന് ഒരു ബന്ധത്തിലെ മുറിവുകൾ ഉണക്കാനും പറയാൻ കഴിയാത്ത ആയിരം വാക്കുകൾ സംസാരിക്കാനും കഴിയും. തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ചുംബനങ്ങൾ സഹായിക്കും. കോവിഡ് മഹാമാരിയായതുകൊണ്ട് പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കാൻ ചിലപ്പോൾ നമ്മൾ നിർബന്ധിതരായേക്കാം. എന്നാൽ അത് നിങ്ങളെ ഒരു തരത്തിലും തടസ്സപ്പെടുത്താതിരിക്കട്ടെ. സ്നേഹ സന്ദേശങ്ങളയച്ചുകൊണ്ട് ഇത്തവണത്തെ ചുംബന ദിവസവും പതിവു പോലത്തെന്നെ നിറമുള്ളതാക്കി മാറ്റാം. ഇതാ പ്രണയിതാക്കൾക്ക് പങ്കുവെക്കാൻ ചില ചുംബന ദിന സന്ദേശങ്ങൾ…
-നിന്നിൽ നിന്ന് എന്നിലേക്ക് ചുണ്ടുകളിൽ വന്നുചേരുന്ന ഒരു മധുരചുംബനത്തേക്കാൾ വലിയ സമ്മാനം എനിക്ക് മറ്റൊന്നുമില്ല… ചുംബന ദിനാശംസകൾ…
-നിന്റെ സ്നേഹത്തിനും മധുര ചുംബനങ്ങൾക്കും വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ. എന്റെ ജീവിതത്തിൽ കൂടെയുണ്ടായതിന് നന്ദി. ഹാപ്പി കിസ് ഡേ
-ചുംബനം, സ്നേഹത്തിന്റെ ഏറ്റവും പരിശുദ്ധ രൂപം, ഒരു ചുംബനംകൊണ്ട് എന്നെ സ്നേഹിച്ചു തീർക്കൂ… ഹാപ്പി കിസ് ഡേ
-എന്റെ ചുംബനങ്ങൾ എന്റെ ജീവനാകുന്നു, അതു പകർന്നു തരാൻ ഈ ജീവിതം മുഴുവൻ എനിക്ക് നിന്നെ ചുംബിക്കണം… ഹാപ്പി കിസ് ഡേ…
-ഓരോ ദിവസവും ഒരു ചുംബനത്തിലൂടെ തുടങ്ങി വെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിന്നോടുള്ള എന്റെ സ്നേഹം തെളിയിക്കാൻ എനിക്ക് നിരവധി മാർഗങ്ങളുണ്ടെങ്കിലും എല്ലാം ഒരു ചുംബനത്തിലൂടെ ആരംഭിക്കാനാണ് എനിക്കിഷ്ടം. ചുംബനദിന ആശംസകൾ
-പ്രിയേ, ഒരുനൂറു ചുംബനങ്ങൾ ഞാൻ നിനക്ക് അയക്കുന്നു, ഇതെന്റെ ജീവന്റെ നുറുങ്ങുകളാണ്, ഹൃദയത്തോട് ചേർത്തുവെക്കൂ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : kiss day wishes in malayalam
Malayalam News from Samayam Malayalam, TIL Network