പ്രതിരോധ സംവിധാനങ്ങളും സൈന്യവും പിന്‍വാങ്ങുന്നു
മിഡിലീസ്റ്റിലെ പ്രതിരോധ സംവിധാനങ്ങള്‍ക്കൊപ്പം ഇവിടങ്ങളില്‍ വിന്യസിച്ച യുഎസ് സൈനികരെയും പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനം. സൗദിക്കു പുറമെ ഇറാഖ്, കുവൈറ്റ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എട്ട് പാട്രിയറ്റ് ആന്റി മിസൈല്‍ ഡിഫന്‍സ് ബാറ്ററികളാണ് പിന്‍വലിക്കുന്നവയില്‍ പ്രധാനം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് സൗദി അറേബ്യയില്‍ സ്ഥാപിച്ച ഥാഡ് എന്ന പേരില്‍ വിളിക്കപ്പെടുന്ന ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സംവിധാനവും പിന്‍വലിക്കും. സൗദിയിലെ എണ്ണ ന്ദ്രേങ്ങള്ക്കെതിരേയുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചവയാണിവ. ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട നൂറുകണക്കിന് സൈനികരെയും അമേരിക്ക തിരിച്ചുവിളിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജൂണ്‍ രണ്ടിന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സംസാരിച്ചിരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് മേഖലയിലെ സൈനിക താവളങ്ങള്‍ തുടരും
അതേസമയം, ഏതാനും പ്രതിരോധ സംവിധാനങ്ങള്‍ പിന്‍വലിക്കുന്നു എന്നു കരുതി ഗള്‍ഫ് മേഖലയില്‍ നിന്ന് പൂര്‍ണമായും പിന്മാറാന് ഉദ്ദേശ്യമില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കി. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ തുടരും. അഫ്ഗാനിസ്താനില്‍ 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സൈനികരുടെ പിന്മാറ്റം ഇതിനകം പൂര്‍ത്തിയായിരുന്നു. ഇറാഖില്‍ നിന്നും യുഎസ് സൈനിക പിന്മാറ്റം അന്തിമഘട്ടത്തിലാണ്. ഇറാനുമായുള്ള സംഘര്‍ഷം പരമാവധി കുറയ്ക്കുകയെന്നതാണ് ഇത്തരം നടപടികളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ വിളിക്കുന്ന പ്രതിരോധ സംവിധാനങ്ങളില്‍ ചിലത് നവീകരണത്തിനായി യുഎസ്സിലേക്ക് തിരികെ കൊണ്ടുപോവും. ബാക്കിയുള്ളവ എവിടെയാണ് വിന്യസിക്കുകയെന്ന കാര്യം പെന്റഗണ്‍ വ്യക്തമാക്കിയിട്ടില്ല.
സ്വയം പ്രതിരോധിക്കാന്‍ സജ്ജമെന്ന് സൗദി
അതേസമയം, മേഖലയില്‍ നിന്നുള്ള യുഎസ് സൈനികരുടെയും യുദ്ധ സന്നാഹങ്ങളുടെയും പിന്മാറ്റം സൗദിയുടെ വ്യോമപ്രതിരോധ ശേഷിയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം അറിയിച്ചു. മേഖലയിലെ ഭീഷണികളെ കുറിച്ച് സഖ്യ രാജ്യങ്ങളുമായി നല്ല ധാരണയിലാണ് തങ്ങളെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും സൈനിക സഖ്യം വക്താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. കഴിഞ്ഞ ദിവസം യമനിലെ ഹൂത്തി വിമതരുടെ ഭാഗത്തുനിന്നുള്ള 17 ഡ്രോണുകളെ സഖ്യസേന പ്രതിരോധിച്ചിരുന്നു. ഒരു ദിവസത്തിനിടയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : us downsizing military assets saudi says will not affect
Malayalam News from malayalam.samayam.com, TIL Network