കൊച്ചി: ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറിഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കുനുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ലക്ഷദ്വീപ് സ്വദേശി അജ്മൽ അഹമ്മദ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. ഇപ്പോൾ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
കേന്ദ്രസർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
Content Highlights:Interim stay of the High Court for Controversial Orders in Lakshadweep