കോഴിക്കോട്: മരിച്ച് മണ്ണടിഞ്ഞ് ഓര്‍മകള്‍ ആയി മാറുന്ന സ്വന്തം മകളെക്കാള്‍ നല്ലത്, ഭര്‍ത്താവ് ഇല്ലാതെ കൂടെ വന്ന് നില്ക്കുന്ന മകള്‍ തന്നെയാണെന്നും, മറ്റൊരു വീട്ടില്‍ നരകിച്ചു ജീവിക്കുന്ന പെണ്കുട്ടികളെക്കാള് നല്ലത് സ്വന്തം കാലില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍കുട്ടികള്‍ ആണെന്നും മാതാപിതാക്കള്‍ തിരിച്ചറിയണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുതെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുധാകരന് പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്തത് ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തിനിരയായി ”കൊല്ലപ്പെട്ടത് ‘ സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.
വിവാഹം ഇന്നും നമ്മുടെ നാട്ടില്‍ പൂര്‍ണമായും സ്ത്രീയുടെ തിരഞ്ഞെടുപ്പ് ആയിട്ടില്ല. മറ്റെന്തെല്ലാം സ്വപ്നങ്ങള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് തീരെ ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകേണ്ടി വരുന്ന ഒരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന് നേരെ ഇനിയും നമ്മള് കണ്ണടച്ചുകൂടാ. സ്ത്രീധനം പൂര്‍ണമായും നിരോധിക്കപ്പെട്ടിട്ടും ഇന്നും നമ്മള് അപമാനകരമായ ആ ദുരാചാരം പിന്തുടരുന്നു. സതി പോലെ, അയിത്തം പോലെ എന്നോ നമ്മള് അതിജീവിക്കേണ്ടതായിരുന്നു സ്ത്രീ ധനവും, നിര്‍ബന്ധിത വിവാഹവുമൊക്കെ.
വിവാഹം എന്നാല്‍ രണ്ടു പേര് തമ്മില്‍ പരസ്പരം സ്നേഹിച്ച് സഹകരിച്ച് സന്തോഷത്തോടെ നയിക്കേണ്ട കാര്യമാണെന്നുള്ളത് യുവാക്കളും അവരുടെ മാതാപിതാക്കളും മറന്നു പോകുന്നുവെന്നത് ഖേദകരമാണ്. പലപ്പോഴും പെണ്‍കുട്ടിയുടെ ആത്മാഭിമാനവും അന്തസ്സും നാലു ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമാക്കപ്പെടുകയാണ്. നിരപരാധികളായ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം സമൂഹം ഉണരുന്നതും പ്രതികരിക്കുന്നതും നിരര്‍ത്ഥകമാണ്.
മരിച്ച് മണ്ണടിഞ്ഞ് ഓര്‍മകള്‍ ആയി മാറുന്ന സ്വന്തം മകളെക്കാള്‍ നല്ലത്, ഭര്‍ത്താവ് ഇല്ലാതെ കൂടെ വന്ന് നില്ക്കുന്ന മകള്‍ തന്നെയാണെന്നും, മറ്റൊരു വീട്ടില്‍ നരകിച്ചു ജീവിക്കുന്ന പെണ്കുട്ടികളെക്കാള് നല്ലത് സ്വന്തം കാലില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍കുട്ടികള്‍ ആണെന്നും മാതാപിതാക്കള്‍ തിരിച്ചറിയണം.
സഹിക്കാന്‍ പറ്റാത്ത പീഡനങ്ങള്‍ ആരോടും പറയാതെ ഒതുങ്ങി ജീവിക്കാനല്ല നാം പെണ്‍കുട്ടികളോട് പറയേണ്ടത്.
പ്രശ്നങ്ങള്‍ ഏതു സമയത്തും വീട്ടുകാരോട് പറയണം.
വേണ്ടിവന്നാല്‍ നിയമസഹായം തേടണം.
ഏത് സാഹചര്യത്തിലും കൂടെയുണ്ട്
എന്ന് സ്വന്തം പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തണം.
കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ഗാർഹിക പീഡനത്തിനിരയായി ”കൊല്ലപ്പെട്ടത് ” സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന…
Posted by K Sudhakaran on Tuesday, 22 June 2021
അവര്‍ക്ക് കരുത്ത് പകരണം. സര്‍വ്വോപരി വിദ്യാഭ്യാസം നേടാനും ജോലി സമ്പാദിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും നമ്മുടെ പെണ്‍കുട്ടികളെ പ്രാപ്തരാക്കുക. സ്നേഹത്തിന്റേയൊ കുടുംബ അഭിമാനത്തിന്റെയോ പേര് പറഞ്ഞ് നടത്തുന്ന ശാരീരികവും മാനസീകവുമായ എല്ലാ ബലപ്രയോഗത്തോടും NO COMPROMISE എന്ന് പറയാന്‍ പെണ്മക്കള്ക്ക് ധൈര്യം പകരുക.
യുവാക്കളോട് എനിക്ക് പറയാനുള്ളത്,സ്വന്തം വരുമാനം കൊണ്ട് ജീവിതം നയിക്കാന്‍ പ്രാപ്തിയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രം കൂടെ ജീവിക്കാന്‍ ഒരു പങ്കാളിയെ തിരയുക.
പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ കൈയ്യിലെ സമ്പാദ്യം കൊണ്ട് മനക്കോട്ട കെട്ടുന്ന അപമാനകരമായ മാനസികാവസ്ഥയില്‍ നിന്ന് യുവതലമുറ പിന്മാറണം. വിസ്മയയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നവമാധ്യമങ്ങള്‍ സജീവമായി ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നിട്ട് കൂടി പരസ്യമായിതന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയയെ ഉപദ്രവിച്ചിരുന്നു എന്നത് ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ തന്നെ പരാജയം ആണ് വെളിവാക്കുന്നത്.
സ്ത്രീധനത്തിന്റെയോ ഗാര്‍ഹിക പീഡനത്തിന്റെയൊ പേരില്‍ ഇനി ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെടാതിരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണം.
ഗാര്‍ഹിക പീഡനത്തിനെതിരെ പരാതിപ്പെടുകയും അതിനു ശേഷം ലോക്കല്‍ പോലീസിന്റെയൊ മറ്റൊ സാനിധ്യത്തില്‍ ഒത്തുതീര്‍പ്പ് ആകുകയും ചെയ്ത എല്ലാ കേസുകളും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുനരന്വേഷണത്തിന് വിധേയമാക്കണം. ഇത്തരം പരാതികള്‍ നല്കിയ എല്ലാ സ്ത്രീകള്‍ക്കും ആവശ്യപ്പെടുകയാണെങ്കില് അടിയന്തരമായി വനിതാ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സുരക്ഷ ഉറപ്പാക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീ ധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരിക. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ മുന്നോട്ടു വെക്കുകയാണ്.
വിസ്മയയുടെ മരണത്തിന് കാരണമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആയ പ്രതിയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി, എത്രയും പെട്ടെന്ന് പ്രതിക്ക്/ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത്.
ഒപ്പം സമീപകാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് നമ്മള് കാണാതെ പോകരുത്. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്തത് ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതും ഈ അവസരത്തില്‍ പറയാതെ വയ്യ
പാലത്തായിയിലും വാളയാറിലും അടക്കം ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ അനാസ്ഥ സ്തീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ഇനി ഉണ്ടാകരുതെന്ന് ഈ അവസരത്തില്‍ ഓര്‍മപ്പെടുത്തുന്നു.
വിസ്മയയുടെ ദാരുണ അന്ത്യത്തിലേയ്ക്ക് നയിച്ച സകല സംഭവങ്ങളും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് കെ.പി.സി സി പ്രസിഡന്റ് എന്ന നിലയില്‍ ശക്തമായി ആവശ്യപ്പെടുന്നു.