ക്ലബ്ഹൗസ് വലിയ രീതിയിൽ പ്രചാരം നേടിയതിനു പിന്നാലെയാണ് കൂടുതൽ ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനങ്ങൾ വരുന്നത്
തത്സമയ ഓഡിയോ ചാറ്റ് റൂം അവതരിപ്പിച്ച് ഫെയ്സ്ബുക്കും. ഫെയ്സ്ബുക്കിന്റെ ലൈവ് ഓഡിയോ റൂമും, പോഡ്കാസ്റ്റ് സംവിധാനവും പുറത്തിറക്കി. നിലവിൽ യുഎസിലെ ഐഒഎസ് ഉപയോക്താക്കൾക്കാണ് സംവിധാനം ലഭിക്കുക. പുതിയ സംവിധാനത്തിന്റെ ഭാഗമായി സെലിബ്രിറ്റികൾക്കും ഗ്രൂപ്പുകൾക്കും ലൈവ് ഓഡിയോ റൂമുകൾ ആരംഭിക്കാനും സാധിക്കും.
“തിരഞ്ഞെടുത്ത പോഡ്കാസ്റ്റുകൾ യുഎസിലെ ശ്രോതാക്കൾക്ക് ലഭ്യമാകും” എന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. അടുത്ത മാസങ്ങളിൽ ഈ സംവിധാനം കൂടുതൽ വിപുലീകരിക്കുമെന്നും സെലിബ്രിറ്റികൾക്കും ഗ്രൂപ്പുകൾക്കും ലൈവ് ഓഡിയോ റൂമുകൾ നടത്താൻ സാധിക്കുമെന്നും ഫെയ്സ്ബുക്ക് ഒരു ബ്ലോഗിൽ പറഞ്ഞു.
ഓഡിയോ ചാറ്റ് റൂമുകളിൽ പങ്കെടുക്കുന്നവർക്കും സംസാരിക്കുന്നവർക്കും പണം സംഭാവന ചെയ്യാൻ കഴിയുന്ന സംവിധാനം റൂമിൽ ഉണ്ടാകുമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഓരോ റൂമിലും സംസാരിക്കാൻ കഴിയുന്നവരുടെ എണ്ണം 50 പേരെയാണ് ഫെയ്സ്ബുക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഫെയ്സ്ബുക്കിലുള്ള ആർക്കു വേണമെങ്കിലും ലൈവ് ഓഡിയോ റൂമുകളിൽ പങ്കെടുത്ത് കേൾക്കാൻ സാധിക്കും.
“സെലിബ്രിറ്റികൾക്ക് സുഹൃത്തുക്കളെ, ആരാധകരെ, മറ്റു വെരിഫിക്കേഷനുള്ള സെലിബ്രിറ്റികളെ ഏതൊരു കേൾവിക്കാരനെയും സംസാരിക്കാനായി ക്ഷണിക്കാൻ കഴിയും. റൂം തുടങ്ങുന്നയാൾക്ക് മുൻകൂട്ടിയോ സംസാരത്തിനിടയിലോ സംസാരിക്കാൻ ആളുകളെ ക്ഷണിക്കാം” ഫെയ്സ്ബുക്ക് പറഞ്ഞു. ലൈവ് ചാറ്റ് റൂമുകൾ ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകളിലൂടെയും ന്യൂസ് ഫീഡിലൂടെയും അറിയാൻ സാധിക്കും.
താൽപര്യമുള്ള ഓഡിയോ ചാറ്റ് റൂമുകളെ ഫെയ്സ്ബുക്ക് ഓർമിപ്പിക്കുന്നതിനായി ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്യാമെന്നും കമ്പനി പറഞ്ഞു. “നിങ്ങൾ ഒരു സംഭാഷണം കേൾക്കുമ്പോൾ, ഒരു സുഹൃത്തോ ഫോളോവറോ ജോയിൻ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും” ഫെയ്സ്ബുക്ക് പറഞ്ഞു.
കേൾക്കുന്നവർക്ക് ലൈവ് ക്യാപ്ഷൻ ഇനേബിൾ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കും. സ്പീക്കറായി പ്രവേശിക്കുന്നതിന് അഭ്യർത്ഥിക്കാൻ ‘റൈസ് എ ഹാൻഡ്’ ബട്ടണും ഉണ്ടായിരിക്കും. എന്നാൽ ഈ ലൈവ് ചാറ്റ് റൂം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ട്വിറ്ററും ഡിസ്കോർഡും അവരുടെ സ്വന്തം ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനം നേരത്തെ പുറത്തിറക്കിയിരുന്നു. ‘ഗ്രീൻറൂം’ എന്ന പേരിൽ സ്പോട്ടിഫൈയും കഴിഞ്ഞ ദിവസം അവരുടെ ലൈവ് ഓഡിയോ ചാറ്റ് റൂം പുറത്തിക്കിയിരുന്നു. ലിങ്ക്ഡിൻ സമാന സംവിധാനം പുറത്തിറക്കിയിട്ടുണ്ട്. വോയിസ് ചാറ്റ് 2.0 എന്ന പേരിൽ ടെലഗ്രാം പുതിയ ഓഡിയോ സർവീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്ലബ്ഹൗസ് വലിയ രീതിയിൽ പ്രചാരം നേടിയതിനു പിന്നാലെയാണ് കൂടുതൽ ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനങ്ങൾ വരുന്നത്.
Read Also: Spotify Greenroom: ക്ലബ്ഹൗസിന് പുതിയ എതിരാളി; സ്പോട്ടിഫൈ ഗ്രീൻറൂം പുറത്തിറക്കി