ചായയ്ക്കൊപ്പം അടിപൊളി ക്യാബേജ് വട തയ്യാറാക്കാം. മൊരിഞ്ഞ് കിട്ടാനായി അരിപ്പൊടിയോ റവയോ ചേര്‍ക്കാവുന്നതാണ്. ഇതോടൊപ്പം തക്കാളി ചട്നി, പുതിന ചട്നി എന്നിവ തയ്യാറാക്കാം
ചേരുവകള്‍
- ക്യാബേജ് ചെറുതായി അരിഞ്ഞത് – 1 കപ്പ്
- സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
- പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 4 എണ്ണം
- കറിവേപ്പില ചെറുതായി അരിഞ്ഞത് -3 തണ്ട്
- ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂണ്‍
- കടലമാവ് – 3- 4 ടേബിള്‍സ്പൂണ്‍
- മുളക് പൊടി – 2 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ക്യാബേജ് മുതല്‍ ഇഞ്ചി വരെയുള്ള ചേരുവകള്‍ ഉപ്പു ഇട്ടതിനു ശേഷം കൈ കൊണ്ട് നന്നായി തിരുമ്മി മിക്സ് ചെയ്യുക… ഒട്ടും വെള്ളം തളിക്കരുത്. അല്പ സമയത്തിനുള്ളില്‍ തന്നെ പച്ചക്കറികളില്‍ നിന്നും വെള്ളം ഊറി വരുന്നതായിരിക്കും.
ഈ നനവിലായിരിക്കണം കടലമാവും അരിപ്പൊടിയും മുളകുപൊടിയും ഇട്ടു മിക്സ് ചെയ്യേണ്ടത്. ഇനി പരിപ്പുവടയുടെ ആകൃതിയില്‍ ചെറിയ വടകളാക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.
Content Highlights: Cabbage vada recipe