Mary T | Samayam Malayalam | Updated: Feb 19, 2022, 7:38 AM
നാളെ (ഞായറാഴ്ച) മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കാതലായ ഇളവുകള്‍ നല്കാന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
നാളെ (ഞായറാഴ്ച) മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കാതലായ ഇളവുകള്‍ നല്കാന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വാക്സിനേഷന് പൂര്‍ത്തിയായവരെ യാത്രയ്ക്ക് മുമ്പും ശേഷവുമുള്ള പിസിആര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കല്‍, വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്കുള്ള യാത്രാ വിലക്കില്‍ ഇളവ്, ക്വാറന്റൈന് വ്യവസ്ഥകളിലെ ഇളവുകള്‍ തുടങ്ങിയ മാറ്റങ്ങളാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചത്. പതിവ് പോലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ ഇളവുകള്‍ ബാധകമാകുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അവ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
നാളെ ഞായറാഴ്ച മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കിയതായി വ്യോമയാന അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, പൂര്‍ണമായി വാക്സിന് എടുത്ത പ്രവാസി യാത്രയ്ക്കും 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലവിലെ നിബന്ധന തുടര്‍ന്നും നിലനില്‍ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പൂര്‍ണമായും വാക്സിന് എടുത്ത സ്വദേശികള്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവരെ യാത്രയ്ക്ക് മുമ്പും ശേഷവുമുള്ള പിസിആര്‍ ടെസ്റ്റ് നിബന്ധനയില്‍ നിന്ന് നാളെ മുതല്‍ ഒഴിവാക്കും.
വാക്സിന് എടുക്കാത്ത പ്രവാസികള്‍ക്ക് പ്രവേശനമില്ല
നേരത്തെ പ്രതീക്ഷിച്ചതു പ്രകാരം തീരെ വാക്സിന് എടുക്കാത്തവരും ഭാഗികമായി മാത്രം വാക്സിന് എടുത്തവരുമായ പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി രാജ്യത്ത് പ്രവേശനം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വാക്സിനേഷന് പൂര്‍ത്തിയാക്കിയ ആളുകള്‍ക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം. രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവരെ കുവൈറ്റില്‍ വാക്സിന് പൂര്ത്തിയാകാത്തവരായാണ് പരഗിഗണിക്കുക. ഇവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മാത്രമേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കൂ. അതേസമയം, രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിയാത്ത പ്രവാസികള്‍ക്ക് പ്രവേശനാനുമതി ലഭിക്കും. എന്നാല്‍, സ്വദേശികള്‍ക്ക് വാക്സിന് എടുക്കാത്തവരാണെങ്കിലും നിബന്ധനകള്‍ക്കു വിധേയമായി നാളെ മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയോടെയാണ് തീരെ വാക്സിന് എടുക്താത്ത സ്വദേശികള്‍ക്ക് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ കുവൈറ്റിലെത്തിയ ശേഷം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയുണ്ട്. ഏഴാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന് അവസാനിപ്പിക്കാം. ഭാഗികമായി വാക്സിന് എടുത്ത സ്വദേശികള്‍ രാജ്യത്ത് എത്തിയ ഉടന്‍ ഹോം ക്വാറന്റൈനിലേക്ക് പോവണം. അവര്‍ക്ക് പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നതോടെ ക്വാറന്റൈന് അവസാനിപ്പിക്കാം.
പ്രവാസികള്‍ക്ക് ക്വാറന്റൈന് നിബന്ധനകള്‍ തുടരും
പൂര്‍ണമായി വാക്സിന് എടുത്ത കുവൈറ്റ് പൗരന്മാരെ ക്വാറന്റൈന് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിദേശികള്‍ക്ക് ആ നിബന്ധന തുടരും. പൂര്‍ണമായി വാക്സിന് എടുത്ത പ്രവാസികള്‍ കുവൈറ്റിലേക്ക് വരുമ്പോള്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു മാത്രമല്ല രാജ്യത്ത് എത്തിയാലുടന്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം. ഏഴ് ദിവസമാണ് ഹോം ക്വാറന്റൈന് കാലാവധി. എന്നു മാത്രമല്ല, ബൂസ്റ്റര്‍ ഡോസ് എടുത്തവരാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈന് അവസാനിക്കുന്ന സമയത്ത് പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം. അതേസമയം, സ്വദേശികളില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോം ക്വാറന്റൈന് വേണ്ട. വാക്സിന് എടുത്തില്ലെങ്കില്‍ മാത്രമാണ് സ്വദേശികള്‍ക്ക് ഹോം ക്വാറന്റൈന് അനുശാസിച്ചിരിക്കുന്നത്.
ആറ് വയസ്സുള്ള വിദേശി കുട്ടികള്‍ക്കും പിസിആര്‍ സര്‍ട്ടിഫിക്കറ്റ്
ആറ് വയസ്സ് മുതല്‍ പ്രായമുള്ള വിദേശി കുട്ടികള്‍ക്കും രാജ്യത്തേക്കു വരാന്‍ 72 മണിക്കൂറില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനുകള്‍ക്ക് നല്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, സ്വദേശികളാണെങ്കില്‍ 16 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമേ യാത്രാ നിബന്ധനകള്‍ ബാധകമാവൂ. അതിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്, പിസിആര്‍ ടെസ്റ്റ്, ക്വാറന്റൈന് നിബന്ധനകളൊന്നും ബാധകമല്ല. അതേസമയം, രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ നിബന്ധനകള്‍ ബാധകമല്ലെങ്കില്‍ യാത്ര ചെയ്യുന്ന രാജ്യത്തെ നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 20 ഞായറാഴ്ച മുതലാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരിക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : new exemptions from covid restrictions in kuwait not applicable to expats only for kuwaitis
Malayalam News from Samayam Malayalam, TIL Network