തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്. വിവാദത്തിന് ഇടയാക്കിയ കാര്യങ്ങളൊന്നും താന്‍ പറഞ്ഞതല്ല, ഒരു മാധ്യമം കൊടുത്തതാണ് എന്ന് കെ. സുധാകരന് പറഞ്ഞു. അദ്ദേഹം പറയാത്ത ഒരു കാര്യത്തെപ്പറ്റി വീണ്ടും എന്തെങ്കിലും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുധാകരന് മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് പിണറായിയോട് പറഞ്ഞത് കെ.ടി ജോസഫ് എന്ന വ്യക്തിയാണെന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ സംബന്ധിച്ച ചോദ്യത്തിനും വ്യക്തമായ മറുപടി നല്കാന് അദ്ദേഹം തയ്യാറായില്ല. താന്‍ പറയാത്ത പേര് ആരെങ്കിലും പറഞ്ഞെന്നുവച്ച് വീണ്ടും അതേപ്പറ്റി പറയാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ ശക്തമായി വിമര്‍ശിക്കുമെന്ന സുധാകരന്റെ പ്രസ്താവന വേറെ കാര്യം. ഏതെങ്കിലും ഘട്ടത്തില്‍ താന്‍ വിമര്‍ശം കേള്‍ക്കാതിരുന്നിട്ടുണ്ടോ ? എന്തെല്ലാം നീക്കങ്ങളും വിമര്‍ശങ്ങളും തനിക്കെതിരെ വന്നിട്ടുണ്ട്. അതൊന്നും തന്നെ ബാധിക്കില്ല. താന്‍ ഏകാധിപതിയാണെന്ന വിമര്‍ശത്തെപ്പറ്റി കേരള ജനത തീരുമാനിക്കട്ടെ. ജനങ്ങള്‍ എന്താണോ തീരുമാനിച്ചത് അതനുസരിച്ചുള്ള പദവിയില്‍ നില്ക്കുകയാണല്ലോ. മുമ്പ് പാര്‍ട്ടി പ്രവര്ത്തകന് മാത്രമായിരുന്നു. ആ സമയത്തെ വിമര്‍ശവും ഇപ്പോഴത്തെ വിമര്‍ശവും തമ്മില്‍ വ്യത്യാസമുണ്ട്. ജനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞശേഷം നില്‍ക്കുകയാണ് ഇപ്പോള്‍ താന്‍.
വിവാദത്തിനിടെ ഉയര്‍ന്നുകേട്ട നാല്‍പ്പാടി വാസു വധം, സേവറി നാണു വധം എന്നിവയില്‍ പരാതികള്‍ വന്നാല്‍ മാത്രമാണ് തുടരന്വേഷണത്തെപ്പറ്റി ആലോചിക്കുക. സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ പരാതികള്‍ ഒന്നുമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan Press meet K Sudhakaran